
തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ, ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം, ആകെ 80 സെന്റീമീറ്റർ ഇന്ന് (ജൂലൈ 26) രാവിലെ 9 മണിക്ക് ഉയർത്തും.
അരുവിക്കര ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ, ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ, 25 സെന്റീമീറ്റർ വീതം, ആകെ 125 സെന്റിമീറ്റർ കൂടി (ആകെ 150 സെന്റിമീറ്റർ) ഇന്ന് (ജൂലൈ 26) രാവിലെ 9 മണിക്ക് ഉയർത്തും. ഈ സാഹചര്യത്തിൽ ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ തീരത്തോട് ചേർന്ന് നിൽക്കുന്ന ന്യൂനമർദ്ദ പാർട്ടിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തീരദേശ മേഖലകളിലും മലയോര പ്രദേശത്തും പ്രത്യേക ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ വൈകുന്നേരം 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും, കണ്ണൂർ- കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ 28/07/2025 വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

