
പെരുമ്പാവൂർ വാഴക്കുളം പാരിയത്ത് കാവ് കോളനി ഒഴിപ്പിക്കൽ നടപടി താൽക്കാലികമായി നിർത്തിവെച്ചു. പൊലീസ് സംഘത്തിൻ്റെ ചുമതലയുള്ള ഇൻസ്പെക്ടർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം തുടരാനുള്ള തീരുമാനത്തിലാണ് സമരസമിതി.
ഒഴിപ്പിക്കൽ നടപടിക്കെതിരെ തിങ്കളാഴ്ച രാവിലെ മുതൽ ഭൂസംരക്ഷണ സമിതി പ്രതിഷേധം തുടങ്ങിയിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാനായി ഉച്ചയോടെ അഭിഭാഷക കമ്മീഷൻ അഡ്വ ജയപാലൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതോടെ പ്രതിഷേധം ശക്തമായി. മുദ്രാവാക്യങ്ങളുമായി പൊരി വെയിലത്ത് നടന്ന പ്രതിഷേധത്തിനിടെ നാലു സ്ത്രീകൾ കുഴഞ്ഞു വീണു. പിന്നീട് പ്രതിഷേധത്തിന്റെ തീവ്രത അൽപം കുറഞ്ഞു.
Also read: കടലും കടലോരവും തീറെഴുതാന്‍ കേന്ദ്രം, മത്സ്യതൊഴിലാളികളുടെ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സിപിഐഎം
ഇതിനിടെ പൊലീസ് സംഘത്തിലെ പ്രധാനിയായ ഇൻസ്പെക്ടർ അഭിലാഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് നടപടി താൽക്കാലികമായി നിർത്താൻ അഭിഭാഷക കമ്മീഷനും പൊലീസും തീരുമാനിച്ചത്. അതേസമയം ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലിനെതിരെ സമര സമിതിയുടെ പ്രതിഷേധം തുടരുമെന്ന് സി പി ഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വക്കെറ്റ് എൻ സി മോഹനൻ പറഞ്ഞു.
ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി എ എസ് പി ശക്തി സിങ് ആര്യ, ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഇനി കോടതി നിർദ്ദേശിക്കുന്ന മറ്റൊരു ദിവസം ഒഴിപ്പിക്കൽ നടപടിയുണ്ടാകുമെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here