
കൊച്ചി പനമ്പള്ളി നഗറിൽ ആർ ഡി എസ് അവന്യൂ വൺ ഫ്ലാറ്റിലെ പില്ലർ തകർന്നു. ഫ്ലാറ്റിലെ എ ബ്ലോക്കിലെ പില്ലർ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. തൂണിന് ചുറ്റുമുള്ള ബീമുകൾ കോൺക്രീറ്റ് ബ്ലോക്കുകളും ജാക്കികളും ഉപയോഗിച്ച് ബലപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പനമ്പള്ളി നഗറിൽ പാസ്പോർട്ട് ഓഫീസിനു സമീപമുള്ള ആർ ഡി എസ് അവന്യൂ വൺ ഫ്ലാറ്റിലെ എ ബ്ലോക്കിലെ പില്ലർ ആണ് തകർന്നത്. പാർക്കിങ് ഏരിയയിലെ പില്ലർ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. സുരക്ഷ കണക്കിലെടുത്ത് സാങ്കേതിക വിദഗ്ധരുടെ നിർദേശ പ്രകാരം ഫ്ലാറ്റിലെ താമസക്കാരെ മാറ്റിയിട്ടുണ്ട്. 24 അപ്പാർട്ടുമെൻ്റുകൾ ഉള്ള കെട്ടിടത്തിലെ 20 കുടുംബങ്ങൾ രാവിലെ തന്നെ മാറിയിരുന്നു. മറ്റു കുടുംബങ്ങൾ സമീപത്തെ ബ്ലോക്കിലേക്കും മാറി. അപകടസാധ്യത എത്രത്തോളം ആണെന്ന കാര്യം വിദഗ്ധരുടെ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ എന്ന് പനമ്പിള്ളി നഗർ ഡിവിഷൻ കൗൺസിലർ അഞ്ജന പറഞ്ഞു.
Also Read: ആലപ്പുഴ: സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധിച്ചു
പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കൊച്ചി കോർപ്പറേഷനിലെ എൻജിനീയർമാരും ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പില്ലറിന് സമീപത്തെ ബീമുകൾ താൽക്കാലിക്കായി ജാക്കി ഉപയോഗിച്ച് താങ്ങി നിർത്തിയിട്ടുണ്ട്. വലിയ കോൺക്രീറ്റ് കട്ടകളുടെ കൂടി സഹായത്താർ ബീമുകൾ ബലപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ദുരന്തനിവാരണ വകുപ്പും സംഭവം വിലയിരുത്തുന്നുണ്ട്. ഇതിനിടെ സംഭവം മറച്ചുവെക്കാൻ ഫ്ലാറ്റ് അധികൃതർ ശ്രമിച്ചതായും ആരോപണമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

