
നിങ്ങള്‍ ഉപേക്ഷിച്ചു പോയത് പൂര്‍ത്തിയാക്കുകയാണ് എല്‍ഡിഎഫ് ചെയ്തതെന്ന് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തല ഗൗരവത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്ന ആളായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് പറ്റിയതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെ കുറിച്ച് പരാമര്‍ശം ഇല്ലെന്നതിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമല്ലേ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിഴിഞ്ഞം പദ്ധതിയില്‍ തങ്ങള്‍ സ്വീകരിച്ച സമീപനം ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ഒരുപോലെ ആണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കരാറിലെ വ്യവസ്ഥകളോട് എല്‍ഡിഎഫ് എതിര്‍പ്പുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read : സർവകലാശാലകളുടെ സ്വയംഭരണത്തെ യുഡിഎഫ് ഒറ്റുകൊടുത്തതായി മുഖ്യമന്ത്രി
ജീനിന്റെ കഥയൊന്നും തത്ക്കാലം ഇങ്ങോട്ട് വേണ്ടെന്നും ഇലക്ട്രല്‍ ബോണ്ടുവഴി കോണ്‍ഗ്രസിന്റെ ജനിതക രേഖയാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ ജീനില്‍ മുഴുവന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
അദാനിയുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന കരാറിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തത്. കരാര്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ റദ്ദാക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയി. നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നു എന്നത് നിങ്ങള്‍ക്ക് ചേരുന്നതാണെന്നും നിങ്ങള്‍ ഉപേക്ഷിച്ചു പോയത് പൂര്‍ത്തിയാക്കുകയാണ് എല്‍ഡിഎഫ് ചെയ്തതെന്നും രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

