ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ? രേവന്തിന്റെ ഹൈഡ്ര പരാമർശത്തിനെതിരെ പിണറായി വിജയൻ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹൈഡ്ര പരാമർശത്തിനെതിരെ വിമർശനവുമായി പിണറായി വിജയൻ. തെലങ്കാനയിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഏറ്റവും പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്ന് പിണറായി വിജയൻ പറഞ്ഞു.

തൻ്റെ ബുൾഡോസർ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച ‘ഹൈഡ്ര’ (HYDRAA) എന്ന സംവിധാനത്തിന് ആ പേര് നൽകിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂർവ്വം പ്രസ്താവിച്ചിരിക്കുന്നു.

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര എന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാൻ ശേഷിയുള്ള ഒരു സംവിധാനമാണ് തൻ്റെ പ്രചോദനം എന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയിൽ വിളിച്ചുപറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർട്ടിയ്ക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

also read; സൗജന്യ യാത്രയിലും യൂട്ടേൺ അടിച്ച് യുഡിഎഫ് സർക്കാർ? സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറിയിൽ

ഹിറ്റ്ലറുടെ ഹൈഡ്ര ഒരു പോപ് കൾച്ചർ സൃഷ്ടി മാത്രമായിരുന്നെങ്കിൽ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂർത്തരൂപം നൽകാൻ ഒരു കോൺഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകിയിരിക്കുകയാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാൻ കഴിയില്ല. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോൺഗ്രസ്സിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയതെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ? രേവന്ത്‌ റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാർ പശ്ചാത്തലം കൂടിയാണ്. കോൺഗ്രസ്സിനകത്തും ഇതേ നിലപാടുകളുമായി അയാൾക്ക് മുന്നോട്ടുപോവാൻ കഴിയുന്നുണ്ട്. മറ്റൊരർത്ഥത്തിൽ, ഇത്തരം നിലപാടുകളെക്കൂടി ഉൾകൊള്ളുന്ന പാർടിയാണ് കോൺഗ്രസ്സ്. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ കോൺഗ്രസ്സിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവർത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികൾ ഈ അപകടം തിരിച്ചറിയുക തന്നെ വേണമെന്നും പിണറായി വിജയന്റെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News