
നിയമസഭാ തെരഞ്ഞെടുപ്പിൽ, ഡീൽ ആരോപണമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും BJP യും തമ്മിലാണ് ഡീൽ എന്നും, പാലക്കാടും മലമ്പുഴയിലെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വോട്ടും, ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ലഭിക്കാൻ പോകുന്ന വോട്ടും താരതമ്യം ചെയ്താൽ ആര് തമ്മിലാണ് ഡീൽ എന്നും മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലത്തിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആയിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് പാലക്കാട് എലപ്പുള്ളിയിൽ വെച്ച് നടന്ന മലമ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പുകളിൽ അവിശുദ്ധ ഡീലുകൾ നടത്തുന്നത് കോൺഗ്രസും ബിജെപിയും ആണെന്നും, അമ്പലപ്പറമ്പിൽ മോഷണം നടത്തിയ ശേഷം കള്ളൻ കള്ളൻ എന്ന നിലവിളിക്കുന്നത് പോലെയാണ് ഡീൽ ആരോപണത്തിൽ കോൺഗ്രസിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം നിർമാർജ്ജനം ചെയ്തത് കേരളത്തിലാണ്. യുഡിഎഫ് സർക്കാർ വരുത്തിയ സാമൂഹിക പെൻഷൻ കുടിശ്ശിക എൽഡിഎഫ് സർക്കാരാണ് കൊടുത്തുതീർത്തത്. പെൻഷൻ തുക വർധിപ്പിക്കുകയും ചെയ്തു. പൊതു വിദ്യാലയം മെച്ചപ്പെടുത്താൻ 5000 കോടി രൂപ ചെലവഴിച്ച് പൊതു വിദ്യാഭ്യാസ യജ്ഞം ആരംഭിച്ചതും എൽഡിഎഫ് സർക്കാർ ആണ്.
സർക്കാർ ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ സർക്കാരിന് സാധിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇതൊക്കെ സാധ്യമാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണ്.
സാമ്പത്തിക നയത്തിൽ, ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണ്. 20 ലക്ഷം ജനങ്ങൾക്ക് ആത്മാഭിമാനം നൽകിയ ലൈഫ് ഭവന പദ്ധതി നിർത്തലാക്കും എന്ന് പറഞ്ഞ യുഡിഎഫ്നെതിരായ ജനവിധി കൂടിയായി മാറും ഈ നിയമസഭാ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ എൽഡിഎഫ് നേതാക്കളായ കെ രാധാകൃഷ്ണൻ, എൻ എൻ കൃഷ്ണദാസ്, നിതിൻ കണിച്ചേരി, സുമലത മോഹൻദാസ്, സുഭാഷ് ചന്ദ്ര ബോസ്, കെ ആറ്‍ ഗോപിനാഥ് തുടങ്ങിയവരും സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

