സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധം അധ:പതിച്ചിരിക്കുകയാണ് കോൺഗ്രസ്: മുഖ്യമന്ത്രി

സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധംഅധ:പതിച്ചിരിക്കുകയാണ്കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിവർണ്ണ പതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിനു വഴങ്ങുകയാണോ പുതിയ കോൺഗ്രസ്? എന്നും അദ്ദേഹം ചോദിച്ചു.

കേവലം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി ചുരുക്കി കാണാനാവുന്ന അനുഭവമല്ല ഇത്. സ്വന്തം പതാക വേണോ വേണ്ടയോ എന്നൊക്കെ കോൺഗ്രസിനും ലീഗിനും തീരുമാനിക്കാം. സ്വന്തം അസ്തിത്വം പണയം വെച്ചാണ് ഇക്കൂട്ടർ നിൽക്കുന്നത് എന്ന് തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള വിവേകം ജനങ്ങൾക്ക് ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത ശേഷമാണ് ഇന്ന് എറണാകുളത്ത് പര്യടനം നടത്തുന്നത്. ഈ നാല് ദിവസത്തെ അനുഭവം മാത്രം കൊണ്ട്, ഒരു കാര്യം ഉറപ്പിച്ച് പറയാനാകും. കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ ജനവികാരം പ്രകടമാണ്. അത് ഏതെങ്കിലും പ്രത്യേക പ്രദേശത്തോ ജനവിഭാഗത്തിലോ ഒതുങ്ങി നിൽക്കുന്നതല്ല. തിരുവനന്തപുരത്തും വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഒരുപോലെ, ജനങ്ങൾ എൽഡിഎഫിൽ പ്രതീക്ഷയർപ്പിക്കുന്നു. ഞങ്ങൾ പറയുന്നത് കേൾക്കാനും എൽ ഡി എഫ് സ്ഥാനാർത്ഥികളെ അഭിവാദ്യം ചെയ്ത് പിന്തുണ അറിയിക്കാനും മറ്റെല്ലാ പരിഗണകളും മാറ്റിവെച്ച് ജനങ്ങൾ വലിയ തോതിൽ അണിചേരുന്ന അനുഭവമാണുണ്ടാകുന്നത്.

ഇന്നലെ കോൺഗ്രസിന്റെ ഉയർന്ന നേതാവ് വയനാട്ടിൽ എത്തി നാമ നിർദേശ പത്രിക കൊടുത്തു. റോഡ് ഷോയും നടത്തി. പക്ഷെ ആ പരിപാടിയിൽ കോൺഗ്രസ്സിന്റെ കൊടി ആരും കണ്ടില്ല. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിവില്ലാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറിപ്പോയോ എന്ന സംശയമാണ് ഇന്നലത്തെ ദൃശ്യങ്ങളും ഇന്നത്തെ വാർത്തകളും കണ്ടപ്പോൾ ഉയരുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണല്ലോ. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. എന്നിട്ടും തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയി. ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത് “കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിൻ്റെ പതാകയും കോൺഗ്രസിൻ്റെ പതാകയും ഒഴിവാക്കിയാണ് പ്രവർത്തകർ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്.” എന്നാണ്. എന്ത് കൊണ്ടാണ് ഈ ഭീരുത്വം? മുസ്ലിം ലീഗിന്റെ വോട്ട് വേണം; പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്കു പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ്സ് എന്തുകൊണ്ട് താണ് പോയി?ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന സംശയം ഉയരും. അറിയുന്ന ചുരുക്കം ചിലർ സൗകര്യപൂർവ്വം അതു വിസ്മരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയർത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു.

1921- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിൻ്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പതാകയെന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്ലാഗ് എന്ന് പേരിട്ട ആ ത്രിവർണ്ണ പതാക ജാതിമതപ്രാദേശിക ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്പമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്. ആ പതാകയുടെ അടിസ്ഥാന സത്ത ഉൾക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ പതാകയ്ക്കും രൂപം നൽകിയത്. ഈ പതാക ഉയർത്തി പിടിക്കാൻ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോൺഗ്രസുകാർ ബ്രിട്ടീഷ് പോലീസിൻ്റെ മൃഗീയ മർദ്ദനം വാങ്ങിയിട്ടുണ്ട്. ഈ ചരിത്രം കോൺഗ്രസ് കാർക്കറിയില്ലേ. യൂണിയൻ ജാക്ക് വലിച്ച് താഴ്ത്തി ത്രിവർണ്ണ പതാക ഹോഷിയാപ്പൂർ കോടതിയിൽ ഉയർത്തി കെട്ടിയപ്പോൾ ആണ് ഹർകിഷൻ സിംഗ് സുർജിത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കൽ സമരത്തിന് പങ്കെടുത്ത സഖാവ് ക്യഷ്ണപിള്ളയോട് ത്രിവർണ്ണ പതാക താഴെ വെയ്ക്കാൻ പോലീസ് പറഞ്ഞു. തലങ്ങും വിലങ്ങും തല്ലിയിട്ടും നെഞ്ചോട് ചേർത്ത പതാക കൈവിടാൻ ആ ധീര ദേശാഭിമാനി തയ്യാറായില്ല. അങ്ങനെ ജ്വലിക്കുന്ന ഇന്നലെകൾ ഉള്ള പതാക പിന്നീട് കോൺഗ്രസ്സ് സ്വന്തം കൊടിയാക്കിയെങ്കിലും അതിന്റെ ചരിത്രത്തെ നിഷേധിക്കാനാവില്ല. ആ ചരിത്രമാണ് നിർണ്ണായകമായ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസ്സ് ബി ജെ പിയെ ഭയന്ന് ഒളിപ്പിച്ചു വെക്കുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ പാകിസ്ഥാൻ പതാക പാറി എന്ന പ്രചരണം ആണ് ലീഗിൻ്റെ കൊടി ഉയർത്തിയ സംഭവം ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിൽ ബി ജെ പി നടത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ കൊടിയാണ് എന്ന് ആർജവത്തോടെ പറയാൻ കോൺഗ്രസ്സ് തയാറാകും എന്ന് ചിലരെങ്കിലും അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല, ഇപ്പോൾ അതേ കാരണത്താൽ സ്വന്തം പതാകയും ഉപേക്ഷിച്ചിരിക്കുന്നു. ഈ കോൺഗ്രസ്സാണോ വർഗീയ ഭരണത്തിനെതിരെ സമരം നയിക്കുക?

മറ്റൊരു കാര്യം കൂടി ഇതിനനുബന്ധമായി സൂചിപ്പിക്കാം. രാജസ്ഥാനിലെ നഗൗർ ലോകസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും മുൻ എംപിയുമായ ജ്യോതി മിർധയുടെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം വന്നു.”രാജ്യതാൽപ്പര്യം കണക്കിലെടുത്ത് നിരവധി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിനായി ഭരണഘടനാ ഭേദഗതികൾ വരുത്തണം. ഭരണഘടനയിൽ ഭേദഗതികൾ വരുത്തണമെങ്കിൽ പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും -ലോക്‌സഭയുടെയും രാജ്യസഭയുടെയും -അനുമതി ആവശ്യമാണെന്ന് നിങ്ങളിൽ പലർക്കും അറിയാം. ലോക്‌സഭയിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും വൻ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഞങ്ങൾക്ക് ഇപ്പോഴും ഭൂരിപക്ഷമില്ല.” എന്നാണ് മിർധ പറഞ്ഞത്. ലോകസഭയ്ക്കൊപ്പം രാജ്യസഭയിലും ഭൂരിപക്ഷം നേടിയാൽ ബിജെപി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന പരസ്യ പ്രഖ്യാപനം. അത് വലിയ വിവാദമായി. ബിജെപി ഇതുവരെ അത് തിരുത്തിയിട്ടില്ല. രാജ്യസഭയിൽ കൂടി ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയെ തന്നെ അട്ടിമറിക്കും എന്ന ഈ ഭീഷണിയോട് പ്രതികരിക്കാൻ കോൺഗ്രസ്സിന് കഴിയുമോ? ? മുൻപ് കർണാടകയിൽ നിന്നുമുള്ള ഒരു കേന്ദ്ര മന്ത്രി ഇതേ രീതിയിൽ പ്രസ്താവന നടത്തിയിരുന്നതും ഓർക്കണം.

ഭരണഘടനാശില്പികൾ ബോധപൂർവ്വം വ്യവസ്ഥചെയ്തു രൂപീകരിച്ചതാണ് ഉപരിസഭയായ രാജ്യസഭ.രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ബിജെപിക്ക് പല വിഷയങ്ങളിലും പിന്നോക്കം പോകേണ്ടിവന്ന ചരിത്രമുണ്ട്. പലപ്പോഴും മറ്റു കക്ഷികളെ കൂട്ടുപിടിച്ചും മറ്റുമാണ് ചില ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കുന്നത്. തങ്ങളുടെ തീവ്ര വലതുപക്ഷ അജണ്ടകൾ നടപ്പാക്കുന്നതിൽ നിന്നും ബിജെപിയെ തടയുന്നത് രാജ്യസഭയുടെ ഈ സവിശേഷതയാണ്. രാജ്യസഭയെന്ന കടമ്പയിൽ തട്ടിയാണ് ബിജെപിയുടെ പല അജണ്ടകളും നടക്കാതെ പോയത്. ഇതൊക്കെ കൊണ്ടാണ് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായാൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് രാജസ്ഥാനിലെ സ്‌ഥാനാർഥി പറയുന്നത്.

ALSO READ:മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം പിൻവലിച്ച് മാത്യു കുഴൽനാടൻ

രാജ്യസഭ ഇത്രത്തോളം പ്രാധാന്യമർഹിക്കുമ്പോഴാണ് ഇതേ രാജസ്ഥാനിലെ ഒരു കോൺഗ്രസ്സ് രാജ്യസഭാ അംഗം തന്റെ കാലയളവു തീരാൻ രണ്ടു വർഷം ബാക്കിനിൽക്കെയാണ് കേരളത്തിൽ വന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത്. അദ്ദേഹവും ദേശീയ നേതാവാണ്. ആലപ്പുഴക്കാർ രാഷ്ട്രീയ പ്രബുദ്ധരായതുകൊണ്ട് അദ്ദേഹം ജയിക്കാൻ പോകുന്നില്ല. എന്നാലും അദ്ദേഹം ജയിക്കുകയാണെങ്കിൽ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് ഒരു ബിജെപി അംഗമാണ് പകരം പോകുക. കേവലം നാലു സീറ്റാണ് ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്. ബിജെപിയുടെ രാജ്യസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ക്വട്ടേഷനാണ് കോൺഗ്രസും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി എടുത്തിരിക്കുന്നത്. വേണമെങ്കിൽ ബിജെപി രാജ്യസഭയിൽ ഭൂരിപക്ഷം നേടിക്കോട്ടേ എന്ന മനോഭാവമാണ് കോൺഗ്രസ്സിന് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. പക്ഷേ ആ ആപത്ത് വരാനിടയില്ല. ആലപ്പുഴക്കാർ തികഞ്ഞ വിവേചനബുദ്ധിയോടെ തന്നെ അവിടെ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ച് ഈയൊരു അവസ്ഥ ഒഴിവാക്കുന്ന നില ഉണ്ടാക്കും.

സംഘപരിവാറിന് മുന്നിൽ സ്വയം മറന്നു നിൽക്കുന്ന കോൺഗ്രസല്ല, സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്സഭയിലേക്ക് പോകേണ്ടത്. അവർക്ക് നല്ല ആശയവ്യക്തതയും നിലപാടിൽ ദൃഢതയും വേണം. ദേശീയ പ്രശ്നങ്ങളിൽ ആർജവത്തോടെ പൊരുതാനും ജനങ്ങൾക്കൊപ്പം നിൽക്കാനും തയാറാകുന്ന പ്രതിനിധികളാണ് വേണ്ടത് എന്നതായിരിക്കും ഈ തെരഞ്ഞടുപ്പിൽ കേരളത്തിന്റെ ജനവിധി. എൽഡിഎഫിൻ്റെ ഉജ്ജ്വലമായ വിജയം ഉറപ്പാക്കുന്ന ജനവികാരമായി മാറുന്നതായും കാണാൻ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘കമലിനെ കാണണം’, ആശുപത്രിയിൽ വെച്ച് അവസാനത്തെ ആഗ്രഹം അടുപ്പമുള്ളവരോട് ശ്രീവിദ്യ പറഞ്ഞു; ആ പ്രണയ കഥയെ കുറിച്ച് മനസ് തുറന്ന് കമൽ ഹാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News