‘മുണ്ടയിൽ കോരൻ മകൻ വിജയൻ തീർത്ത അളവുകോലിൽ വടശ്ശേരി ദാമോദരമേനോൻ മകൻ സതീശൻ അളക്കപ്പെടും’; ശ്രദ്ധനേടി ഫേസ്ബുക്ക് പോസ്റ്റ്

Pinarayi Vijayan Governance

സമൂഹമാധ്യമങ്ങളിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. മുൻമുഖ്യമന്ത്രിയെ താറടിച്ച് കാണിച്ച് നിലവിലെ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.

“ഫയൽ നോക്കാൻ അറിയില്ല”, “പഠിക്കാൻ അറിയില്ല”, “തീരുമാനമെടുക്കാൻ അറിയില്ല” എന്നൊക്കെയാണ് മുൻമുഖ്യമന്ത്രിക്കെതിരെ ‘പുതുതായി’ ഉയർന്നുവന്ന വിമർശനങ്ങൾ. പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആളാണ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രതിരോധങ്ങൾക്കിടയിലും മറ്റനേകം പ്രതിബന്ധങ്ങൾക്കിടയിലൂടെയും കേരളത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായി. വസ്തുതകൾ ഇങ്ങനെയെല്ലാമെന്നിരിക്കെ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മാധ്യമ പ്രവർത്തകൻ കെ.ജെ. ജേക്കബ് പിണറായി വിജയൻ എന്ന നേതാവിന്റെ ഭരണത്തികവും നേതൃപാടവും അടിവരയിട്ട് കുറിപ്പ് പങ്കുവെച്ചത്.

ALSO READ: “വീഴ്ച സംഭവിച്ചു;” നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ കുറ്റസമ്മതം നടത്തി എൻ ടി എ

‘ഫയൽ നോക്കാൻ അറിയാത്ത’ ആളെന്ന് എതിരാളികൾ വിമർശിക്കുന്ന ആ ഭരണാധികാരിയുടെ കാലത്ത്, അദ്ദേഹത്തിന്റെ മുൻകൈയിൽ നടന്ന കാര്യങ്ങൾ പോസ്റ്റിൽ എണ്ണിപ്പറയുന്നുണ്ട്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന വെറും രണ്ടു വർഷം കൊണ്ട് കേരളത്തിന്റെ വൈദ്യുതി ഉത്പാദനശേഷി കൂടിയത് 1038 മെഗാവാട്ട് ആണെന്ന് പോസ്റ്റിൽ പറയുന്നു. ഇടുക്കി പദ്ധതിയുടെ ആകെ ശേഷി 780 മെഗാവാട്ടാണ്. അതായത് ഒന്നര ഇടുക്കി പദ്ധതിക്ക് തുല്യമായ നേട്ടം കൈവരിക്കാനായി.

ദേശീയപാതാ വികസനത്തിന്റെ അമരത്തും മുൻമുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. കേരളത്തിൽ ഇനി പണി നടക്കില്ലെന്ന് കരുതി ഓഫീസ് പൂട്ടി നാടുവിട്ട നാഷണൽ ഹൈവേ അതോറിറ്റിയെ തിരികെ കൊണ്ടുവന്നതും ഇന്നിപ്പോൾ ആ പദ്ധതി 80 ശതമാനത്തോളം പൂർത്തിയായിരിക്കുന്നതും അന്നത്തെ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്.

ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ കൊച്ചി പോർട്ട് അടച്ചിടുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വരെ പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. പതിനായിരം കോടി രൂപയുടെ കേന്ദ്ര നിക്ഷേപമുള്ള ആ പദ്ധതി യാഥാർഥ്യമാക്കിയതും ഇതേ ഭരണാധികാരി തന്നെ. ലൈഫ് മിഷൻ വഴി ലക്ഷക്കണക്കിന് മനുഷ്യരാണ് സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്. തറമാത്രം പണിതും, പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയും മനുഷ്യർ കഴിഞ്ഞിരുന്ന 50,000-ലധികം വീടുകൾ ഉൾപ്പെടെ, അഞ്ചുലക്ഷത്തോളം വീടുകളാണ് പത്തുകൊല്ലം കൊണ്ട് എൽഡിഎഫ് സ‌ർക്കാർ പൂർത്തിയാക്കിയത്.

ALSO READ: പാരിയത്തുകാവിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പി.രാജീവ്

ക്ഷേമപെൻഷനുകൾ കൃത്യമായി കൊടുത്തതും തുക വർധിപ്പിച്ചതും ഈ ഭരണാധികാരിയാണ്. പെൻഷനുകൾക്ക് കൃത്യമായൊരു കണക്കും അതിനൊരു തുടർച്ചയും തീരുമാനവുമുണ്ടാക്കാൻ പിണറായി വിജയൻ സർക്കാരിനായി. വർഷങ്ങളായി മുടങ്ങിക്കിടന്ന പവർ ഹൈവേയുടെ പണി തീർത്തു. ഇന്ന് ആ ലൈനിലൂടെ കേരളത്തിലേക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തുന്നു.

അതിദരിദ്രരെ ചേർത്തുപിടിച്ച ഭരണകൂടമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. ആരും പരിഗണിക്കാനില്ലാതിരുന്ന 60,000-ത്തിലധികം വരുന്ന കുടുംബങ്ങളെ അന്തസ്സോടെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത് ഇടതുസർക്കാരാണ്. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ നാലരക്കൊല്ലം പണിയെടുത്താണ് ഈ മൈക്രോ പ്ലാൻ നടപ്പിലാക്കിയത്. എങ്ങിനെ ഒരു കുടുംബത്തിനുവേണ്ട മൈക്രോ പ്ലാൻ ഉണ്ടാക്കാം എന്ന് കേരള സർക്കാർ സർവീസിലുള്ള ഉദ്യോഗസ്‌ഥർക്ക്‌ ഇപ്പോളറിയാം. കണക്കെടുത്താൽ ഭരണനേട്ടങ്ങൾ ഇനിയുമുണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ഭരണാധികാരിയുടെ യഥാർത്ഥ ജോലി എന്താണെന്നും കെ ജെ ജേക്കബ് പോസ്റ്റിൽ അടിവരയിടുന്നു. വായിച്ചു പഠിച്ചു ഉത്തരമെഴുതി മാർക്ക് വാങ്ങി ജോലി കിട്ടിയ ആളല്ല അയാൾ. നമ്മുടെ സംവിധാനത്തിൽ അമ്മാതിരി പണിയല്ല ഒരു ജനപ്രതിനിധി എടുക്കേണ്ടത്. എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കലാണ് ഇമ്പിച്ചിബാവമാരുടെയും പിണറായി വിജയന്മാരുടെയും ജോലിയെന്നും അത് മുൻമുഖ്യമന്ത്രി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. കൂടാതെ അത് എങ്ങനെ നടപ്പിലാക്കണം എന്ന് കണ്ടെത്താനാണ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ സംവിധാനത്തെ നാട് തീറ്റിപ്പോറ്റുന്നതെന്നും ഈ രണ്ട് പണികളും തമ്മിൽ മാറിപ്പോകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കേന്ദ്രത്തിന് ഇത്ര പേടിയോ? കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമ അകൗണ്ട് വിലക്കി കേന്ദ്രം

“ആര് ഭരിച്ചാലും സാധാരണക്കാർക്ക് എന്ത് കിട്ടാനാണ്” എന്ന പൊതുബോധത്തെ പിണറായി വിജയൻ എന്ന ഭരണാധികാരി പൊളിച്ചെഴുതിയെന്നും കെ ജെ ജേക്കബ് പോസ്റ്റിൽ പറയുന്നു. നാട്ടിൽ മെച്ചപ്പെട്ട റോഡുണ്ടാക്കുന്നതും ആശുപത്രികളുണ്ടാകുന്നതും പള്ളിക്കൂടങ്ങളുണ്ടാകുന്നതും ആരും നോക്കാനില്ലാത്തവർക്കു ആശ്രയമുണ്ടാകുന്നതും പാവപ്പെട്ടവർക്ക് വീടുണ്ടാക്കുന്നതും പ്രകൃതി ക്ഷോഭത്തിൽപ്പെട്ടുപോകുന്നവർ ജീവിതത്തിലേക്ക് അന്തസ്സോടെ തിരിച്ചുകൊണ്ടുവരുന്നതുമൊക്കെ ആര് വന്നാലും ഇനിയും നടക്കും എന്നയാൾ അതേ ആളുകളെക്കൊണ്ട് പറയിപ്പിച്ചു. ‘ഫയലുനോക്കാനും പഠിക്കാനും തീരുമാനമെടുക്കാനുമറിയാത്ത’ മുണ്ടയിൽ കോരൻ മകൻ വിജയൻ സ്വന്തം രാഷ്ട്രീയ ബോധ്യങ്ങൾകൊണ്ടും ഇച്ഛാശക്തികൊണ്ടും തീർത്ത അളവുകോലുകൊണ്ടായിരിക്കും വടശ്ശേരി ദാമോദരമേനോൻ മകൻ സതീശൻ ഒരു ഭരണാധികാരി എന്ന നിലയിൽ അളക്കപ്പെടാൻ പോകുന്നത്, കെ ജെ ജേക്കബ് പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News