
കേരളത്തിൽ ജനിച്ച ഒമ്പത് വയസുള്ള ഒരു കുട്ടിയ്ക്ക് ലോഡ് ഷെഡിങ് എന്താണെന്ന് അറിയില്ല. കുറച്ചു കാലം മുൻപ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ, അഥവാ ചർച്ച ചെയ്ത ഒരു പോസ്റ്റിൽ എഴുതിയ വാക്കുകളാണ് ഇത്. പോസ്റ്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമന്റുകളും ഉണ്ട്. എന്നാൽ എന്തിനാണ് ഈ പോസ്റ്റിനെ പ്രതികൂലിക്കുന്നത് എന്നതെന്ന് ചിന്തിച്ചാൽ, അന്തമായ രാഷ്ട്രീയ വിരോധം എന്നതിനപ്പുറത്തേക്ക് മറ്റൊന്നും നമുക്ക് കാണാൻ കഴിയില്ല. കാരണം കേരളത്തിൽ ജനിച്ച ഒമ്പത് വയസുള്ള ഒരു കുട്ടിയ്ക്ക് ലോഡ് ഷെഡിങ്ങോ പവർ കട്ടോ എന്താണെന്ന് അറിയില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്.
ഇനി പ്രതികൂലിക്കുന്നവരെ പ്രകോപിപ്പിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഒമ്പത് വർഷം എന്നത് തന്നെയാണ്. അതെ 2016 പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേരളത്തിൽ പവർ കട്ട്, അല്ലെങ്കിൽ ലോഡ് ഷെഡിങ് എന്ന വാക്ക് പൂർണമായും ഇല്ലാതായതെന്ന് പറയാൻ സാധിക്കും.
2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരുന്ന, ആര്യാടൻ മുഹമ്മദ് വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് മഴക്കാലത്ത് പോലും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം കേരളത്തിലുണ്ടായിരുന്നു. കേരളത്തിലേക്ക് വൈദ്യതി എത്തിക്കുന്നതിനുള്ള ലൈനുകളുടെ അപര്യാപ്തതയും, വൈദ്യുത ആസൂത്രത്തിലും വന്ന പാളിച്ചകളും ആയിരുന്നു അത്തരത്തിലൊരു അവസ്ഥയിലേക്ക് എത്താനുണ്ടായ കാരണം. മാത്രമല്ല കേരളത്തിലേക്ക് വൈദ്യതി കൊണ്ടുവരുന്നതിനുള്ള 400 കെ വി അന്തർ സംസ്ഥാന ലൈനുകളുടെ നിർമാണം സർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങളാൽ നിലച്ചതും പ്രശ്നം രൂക്ഷമാക്കി. കേരളത്തിലെ പവർ ഹൈവേ നിർമാണങ്ങൾ ഉപേക്ഷിച്ചു ഓഫീസുകൾ അടച്ചു പൂട്ടി തിരിച്ചു പോകാൻ പവർ ഗ്രിഡ് കോപ്പറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചതും ഇതേ കാലഘട്ടത്തിലാണ്.
എന്നാൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയപ്പോൾ പ്രധാനമായും ഇത്തരം പ്രശ്നങ്ങളിലാണ് ആദ്യം തന്നെ ഇടപെട്ടത്. കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് പിജിസിഐഎൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികൾ പിണറായി സർക്കാർ സ്വീകരിച്ചു. മുടങ്ങിക്കിടന്ന തിരുനൽവേലി – ഇടമൺ അന്തർ സംസ്ഥാന ലൈനും, അതിന്റെ തുടർച്ചയായയ ഇടമൺ – കൊച്ചി തൃശൂർ ലൈനും പവർ ഹൈവെ ആയി വികസിപ്പിച്ച് നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. സമയമബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിന് സ്പെഷ്യൽ പാക്കേജും പ്രഖ്യാപിച്ചു. കേന്ദ്ര പദ്ധതിയിൽ സാധാരണ ഗതിയിൽ സംസ്ഥാന വിഹിതം ഉൾപെട്ടിട്ടില്ലെങ്കിൽ പോലും, കർഷകർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം കൊടുക്കുന്നതിന് വേണ്ടി നഷ്ടപരിഹാരത്തിലെ അധിക തുക സംസ്ഥാനം വഹിക്കാനും തീരുമാനിച്ചു. ഇങ്ങനെ ശക്തമായി ഇടപെട്ടുകൊണ്ട് പവർ ഹൈവെ പൂർത്തിക്കിയത്, കേരളത്തിൽ സുഗമമായി വൈദ്യതി എത്തിക്കുന്നതിനും ലോഡ് ഷെഡിങ്ങും പവർ കട്ടും ഒഴിവാക്കുന്നതിനും സഹായിച്ചു .
ഇത് കൂടാതെ തമിഴ്‍നാട്ടിലെ പുകലൂരിൽ നിന്ന് തൃശൂരിലേക്ക് 365 കിലോ വോൾട്ടിന്റെ ഹൈ വോൾടേജ് ഡി സി ലൈൻ അംഗീകരിപ്പിക്കുന്നതിനും, ഈ പദ്ധതിയിൽ തടസങ്ങൾ ഇല്ലാതിരിക്കാൻ നഷ്ടപരിഹാരത്തിന് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പദ്ധതിയും 2020 ഓട് കൂടി പൂർത്തിയായതോടെ ലോഡ്ഷെഡിങ്ങും പവർകട്ടും ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് കേരളം മാറി.
ഇതോടെയാണ് സംസ്ഥാനത്തിന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള ശേഷി വര്‍ധിച്ചത്. മാത്രമല്ല കേന്ദ്രവിഹിതം മുഴുവനായും കൃത്യതയോടെയും ഉപയോഗപ്പെടുത്താനും സാധിക്കുന്നു. കൂടാതെ ലൈൻ യാഥാർഥ്യമായതോടെ പ്രസരണലൈന്‍ ലഭ്യത ഉറപ്പാകുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോള്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും കഴിയുന്നു. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കുന്നതും, പ്രസരണ നഷ്ടം വന്‍തോതില്‍ കുറഞ്ഞതും, ഒപ്പം മെച്ചപ്പെട്ട വോള്‍ട്ടേജില്‍ പ്രസരണ- വിതരണം സാധ്യമാക്കുന്നതിലും ഇടമൺ കൊച്ചി പവർ ഹൈവേ യാണ് കാരണമായത്.
2006 മുതൽ 11 വരെയുള്ള ഇടതു സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് തിരുനെല്‍വേലി-കൊച്ചി- 400 കെ വി പവർ ഹൈവേയും, ഇടമൺ – കൊച്ചി പവർ ഹൈവേയും. എന്നാൽ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴേക്കും പുതിയ സർക്കാർ അധികാരത്തിൽ വന്നു. ശേഷം അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ പദ്ധതി പൂർണമായും ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തി. അതുകൊണ്ട് തന്നെ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരുന്ന കാലത്തും ലോഡ് ഷെഡിങ് എന്ന ദുരവസ്ഥ കേരളത്തിൽ തുടർന്നുകൊണ്ടേയിരുന്നു.
1996 ൽ നായനാർ സർക്കാർ മന്ത്രി സഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി ആയ പിണറായി വിജയൻ. വൈദ്യത മേഖലയിൽ പിണറായി വിജയനുണ്ടായിരുന്ന പ്രവർത്തി പരിചയംവും, ദീർഘ വീക്ഷണവും തന്നെയാണ് ഇന്ന് ഇത്തരത്തിലുള്ള ഒരു മാറ്റത്തിലേക്ക് കേരളം എത്തിയത്. അതുകൊണ്ട് വൈദ്യുത മേഖലയിൽ പിണറായി സർക്കാരിന്റെ ഈ കൃത്യമായ ഇടപെടലും, ദീർഘവീക്ഷണവും, ആസൂത്രണവുമൊക്കെ തന്നെയാണ് ലോഡ് ഷെഡിങ് എന്ന വാക്ക് കേരളത്തിൽ നിന്ന് അപ്രത്യക്ഷമായതും, ഒരു ഒമ്പത് വയസുകാരൻ ആ വാക്ക് കേട്ടിട്ടില്ലാത്തതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

