എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്; ഓർമ്മകുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേത്. ഒരിക്കലെങ്കിലും ആ സാന്നിധ്യം അനുഭവിച്ചവർ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എ കെ ജി.
ആ സമരസ്മരണകൾക്ക് മരണമില്ല. എ കെ ജി ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത് .
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേത്. ഞാനടങ്ങുന്ന തലമുറ ആ ജീവിതത്തെ വിസ്മയത്തോടെ അടുത്തറിഞ്ഞവരുടേതാണ്. എ കെ ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ അനുഭവങ്ങൾ ദശാബ്ദങ്ങൾക്കു ശേഷവും മങ്ങാതെ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ജനങ്ങൾ എവിടെ അതിക്രമം നേരിടുന്നു അവിടേക്ക് ഓടിയെത്തി പ്രതിരോധത്തിന്റെ നേതൃത്വമേറ്റെടുക്കുന്നതായിരുന്നു എ കെ ജിയുടെ പ്രകൃതം.
കണ്ണൂർ ജില്ലയിലെ തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ ഭൂരിപക്ഷവും സിപിഐ എം പ്രവർത്തകരും അനുഭാവികളുമാണ്. എഴുപതുകളുടെ തുടക്കത്തിൽ അവിടെ, കോൺഗ്രസ് നേതൃത്വത്തിൽ തുടർച്ചയായി അക്രമം നടന്നു. പടിഞ്ഞാറൻ ബംഗാളിലെ അർധഫാസിസ്റ്റ് ഭീകര ഭരണത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് കോൺഗ്രസുകാർ നരനായാട്ട് തന്നെയാണ് നടത്തിയത്. അതിനായി എന്തിനും മടിക്കാത്ത ഒരു കൂട്ടവുമുണ്ടായിരുന്നു. പൊലീസും അവരെ സഹായിച്ചു. പീഡനത്തിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും അധികാരികൾ നിഷേധിച്ചു. അത്യന്തം ഗുരുതരമായ ഈ പ്രതിസന്ധി തരണം ചെയ്യാൻ എ കെ ജി ആ പ്രദേശം സന്ദർശിച്ച് പൊതുയോഗത്തിൽ പ്രസംഗിക്കണമെന്ന് പാർടി നിശ്ചയിച്ചു. സ. സുശീലയോടൊപ്പമാണ് എ കെ ജി വന്നത്. കലശലായ അസുഖമുണ്ടായിരുന്നു. കാറിൽ കയറിയ ഉടനെ, എന്നോടും സ. സുശീലയോടുമായി പറഞ്ഞു, “ഞാൻ അവിടെ വെറുതെ വന്നിരിക്കുകയേ ഉള്ളൂ. നിങ്ങൾ പ്രസംഗിച്ചാൽ മതി”. അൽപം എന്തെങ്കിലും സംസാരിക്കണമെന്ന് ഞങ്ങളിരുവരും നിർബന്ധിച്ചെങ്കിലും എ കെ ജി സമ്മതിച്ചതേയില്ല.
കാർ പൊതുയോഗ സ്ഥലത്തെത്തിയപ്പോൾ അവിടെ ഹർത്താലായിരുന്നു. എ കെ ജിയുടെ പൊതുയോഗം മുടക്കാൻ കോൺഗ്രസ് സംഘം കടകളടപ്പിച്ച്, ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. എ കെ ജി എത്തിയത് മനസ്സിലാക്കി ജനങ്ങൾ അടുത്തേക്കു വന്നു. നിമിഷങ്ങൾക്കുള്ളിൽ വലിയ ജനക്കൂട്ടമായി. കാര്യങ്ങൾ വിശദമായി സഖാക്കളോട് ചോദിച്ചറിഞ്ഞ എ കെ ജി വല്ലാതെ ക്ഷുഭിതനായി. നേരത്തെ പറഞ്ഞതെല്ലാം മറന്ന് മൈക്കിന് മുന്നിൽ നിന്ന് പ്രസംഗം തുടങ്ങി.
തോലമ്പ്ര പ്രദേശത്തിന്റെ ചരിത്രവും കമ്യൂണിസ്റ്റ് പാർടിയുടെ കരുത്തും വിശദീകരിച്ചു. ആക്രമി സംഘങ്ങൾക്ക് താക്കീത് നൽകി. വികാരതീവ്രമായ പ്രസംഗം. മൈക്കിന് മുന്നിൽ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയുന്നില്ലെന്നു പറഞ്ഞ എകെജിയെയല്ല, എത്ര കടുത്ത പരീക്ഷണങ്ങൾക്കുമുന്നിലും പതറാതെ ജനങ്ങളെ നയിക്കാൻ കരുത്തനായ സമരനായകനെയാണ് കണ്ടത്. പ്രസംഗമവസാനിപ്പിച്ച് എകെജി ഇരിക്കുമ്പോൾ, സ. സുശീലക്കോ എനിക്കോ പിന്നെ പ്രസംഗത്തിനുള്ള സമയമോ വിഷയമോ അവശേഷിച്ചിരുന്നില്ല. അതായിരുന്നു എ കെ ജി. ഒരിക്കലെങ്കിലും ആ സാന്നിധ്യം അനുഭവിച്ചവർ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എ കെ ജി.
ആ സമരസ്മരണകൾക്ക് മരണമില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here