
രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനേ വിജയാ’ പരാമർശത്തിൽ മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തി ആണ് കത്ത് അയച്ചിരിക്കുന്നത്. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന് കത്തിൽ അഭിസംബോധന ചെയ്യുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉപയോഗിക്കുന്നതിനെ ശക്തമായി തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയമായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അധിക്ഷേപകരമായ വാക്കുകളിലൂടെയുള്ള പ്രതികരണം ശരിയായ മനോഭാവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ചു വർഷത്തിലൊരിക്കൽ മാത്രം കാണിക്കേണ്ട ഒന്നല്ലെന്നും, അത് തുടർച്ചയായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകളിൽ വസ്തുതാപരമായ അടിത്തറയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്” എന്നും അദ്ദേഹം പറയുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്റ്റൈലിൽ വെല്ലുവിളി ഉയർത്തിയത്. മോഹൻലാൽ ചിത്രത്തിലെ പ്രശസ്തമായ “നീ പോ മോനേ വിജയാ” എന്ന ഡയലോഗ് അനുകരിച്ചുകൊണ്ട് പിണറായി വിജയന്റെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞുവെന്നും കേരളത്തിൽ ഉടൻ യുഡിഎഫ് അധികാരം പിടിക്കുമെന്നും രേവന്ത് റെഡ്ഡി റോഡ് ഷോയ്ക്കിടെ പരിഹസിച്ചിരുന്നു. ഇതിന് തക്കതായ മറുപടിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൽകിയത്.
സ്വന്തം നാട്ടിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ പോലും കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവഹണത്തിന്റെ പാഠങ്ങൾ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചിരുന്നു.
സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോൾ, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളേയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകളും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.
കേരളത്തിലെ ജനങ്ങളുടെ അനുഭവം രേവന്ത് റെഡ്ഡി ചിത്രീകരിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ പത്തു വർഷമായി തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന്റെ പുരോഗതി റിപ്പോർട്ടുകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇവ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് താൻ ഒരു സംവാദത്തിനില്ലെന്നും, അവിടുത്തെ ഭരണത്തെ വിലയിരുത്തേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. “പോകും, മുന്നോട്ടു തന്നെ പോകും. നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും” എന്ന വരികളോടെയാണ് മുഖ്യമന്ത്രി തന്റെ കത്ത് അവസാനിപ്പിക്കുന്നത്.
Dear Shri @revanth_anumula , political differences are natural, but expressing strong disagreement through personally insulting remarks is an attitude I reject. The LDF Government’s accountability to its people is continuous, not just at five year intervals. Our Progress Reports… pic.twitter.com/HH07hJSAFe
— Pinarayi Vijayan (@pinarayivijayan) April 7, 2026

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

