
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി വികസനത്തിന് നിർണ്ണായകമാണെന്നും വലിയ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി ഇതിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ എന്നും വിശ്വാസത്തിലെടുത്താണ് എൽ.ഡി.എഫ് മുന്നോട്ട് പോയിട്ടുള്ളതെന്നും ഇനിയും കൂടുതൽ വളർച്ച നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ എഫ്.സി.ആർ.എ (FCRA) നിയമഭേദഗതിക്കെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളെയും ചില പ്രത്യേക വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ആർ.എ ഭേദഗതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കാട്ടുന്നത് വലിയ നീതികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിയമം ആദ്യം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെങ്കിലും അന്ന് ആർ.എസ്.എസിനെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും, ഇപ്പോൾ ബി.ജെ.പി സർക്കാർ ആർ.എസ്.എസിനെ സംരക്ഷിക്കുന്ന രീതിയിലാണ് ഭേദഗതികൾ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കെതിരെയും മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വീട് നിർമ്മാണത്തെക്കുറിച്ച് പ്രതിപക്ഷം നടത്തുന്നത് നുണപ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 2016-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ നൽകിയ മറുപടി പ്രകാരം നാലായിരത്തോളം വീടുകൾ മാത്രമാണ് നിർമ്മിക്കപ്പെട്ടത്. എന്നാൽ ഇതിൽ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. നുണ പറയുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും വസ്തുതകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

