
ജനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെഴുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും എൽഡിഎഫ് മുൻതൂക്കം നൽകുമ്പോൾ, യുഡിഎഫിന് നാടിനോടും ജനങ്ങളോടും പ്രതിബദ്ധത ഇല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫ് ഭരണകാലത്ത് ഉണ്ടായ കെടുതികൾ പരിഹരിക്കാൻ എൽഡിഎഫ് സർക്കാരിന് സമയം ചെലവഴിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഭരണത്തിലേറുമ്പോൾ സംസ്ഥാന ഖജനാവിൽ ചെറിയ തുകയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തീർപ്പാക്കേണ്ട ബാധ്യതകൾ വലിയതായിരുന്നു. ക്ഷേമ പെൻഷനിൽ 28 മാസത്തെ കുടിശിക ഉണ്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 വരെ ഉണ്ടായിരുന്ന യുഡിഎഫ് ഭരണം നാടിനെ തകർത്തുവെന്നും, ഈ നാട് രക്ഷപ്പെടില്ലെന്ന ധാരണ ജനങ്ങളിൽ രൂപപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Also read : വെറും 50 രൂപയ്ക്ക് ജീവിതം മാറിമറിഞ്ഞ ആ വ്യക്തി നിങ്ങളാണോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ…
2016ൽ എൽഡിഎഫിനെ ജനങ്ങൾ അധികാരത്തിലേറ്റിയതോടെ നടപ്പിലാകില്ലെന്ന് കരുതിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമായതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നാടിന്റെ പൊതു ബോധത്തിൽ വലിയ മാറ്റമുണ്ടായി. കേരളം തകരില്ല, മുന്നേറും, അതിന് എൽഡിഎഫ് വേണമെന്നതാണ് ജനങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനം ഉൾപ്പെടെ വൻകിട പദ്ധതികൾ നടപ്പിലാക്കിയതായും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് 5000 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകൾ അടച്ചു പൂട്ടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി, ഏകദേശം 10 ലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് ആർദ്രം മിഷനിലൂടെ ആശുപത്രികൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നുവെന്നും, കോവിഡ് കാലത്ത് കേരളത്തിന്റെ പ്രവർത്തനം ലോകവും രാജ്യവും ശ്രദ്ധിച്ചു. നാട് വൃത്തിയും വെടിപ്പുമുള്ളതാകണമെന്ന് എൽഡിഎഫ് സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി ഹരിത കേരള മിഷൻ വലിയ മാറ്റം കൊണ്ടുവന്നുവെന്നും, മാലിന്യം വലിച്ചെറിയുന്ന അവസ്ഥയിൽ മാറ്റമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മാലിന്യകൂമ്പാരങ്ങൾ ഇല്ലാതായെന്നും, ഹരിത കർമ്മ സേന മികച്ച സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

