
കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടെ വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. കേരളം എന്നതിന് പകരം കാരളം എന്നെഴുതിയ വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ ആണ് വൈറലായത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. അക്ഷരപ്പിശക് വെച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു എന്നും എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണതെന്നുമാണ് വിശദീകരണം.
ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വെച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാൻ കണ്ടു😊.
എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും.
ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം.
ഈ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

