പ്ലസ് വൺ പ്രവേശനം: 30 ശതമാനം വരെ മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭയുടെ അനുമതി

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.

2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് വരുത്തും.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

പത്മ പുരസ്ക്കാരം: ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താന്‍ പരിശോധനാ സമിതി

2024ലെ പത്മ പുരസ്ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമ രൂപം നല്‍കുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും.

മന്ത്രി സജി ചെറിയാൻ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഡ്വ. ആന്‍റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ അംഗങ്ങളാകും.

തസ്തിക

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡയറി സയന്‍സ് കോളേജുകളില്‍ 69 അധ്യാപക തസ്തികകളും 20 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.

കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്ട്സില്‍ അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക താല്‍ക്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.

യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി

തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് 8,08,70,000 രൂപയ്ക്ക് ഭരണാനുമതി നല്‍കി.

സർക്കാർ ഗ്യാരന്‍റി

കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്‍റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റൈൽസിനും പ്രഭുറാം മില്ലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ (ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവർത്തനമൂലധന വായ്പയുടെ സർക്കാർ ഗ്യാരന്‍റി കാലയളവ് വ്യവസ്ഥകൾക്കു വിധേയമായി 01.01.2023 മുതൽ രണ്ടു വർഷത്തേക്കു കൂടി നീട്ടും.

നിയമനം

വനം വന്യജീവി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കവെ കാട്ടാനയുടെ ആക്രമത്തില്‍ മരണപ്പെട്ട ബി. ബൊമ്മന്‍റെ മകനായ ബി. ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ ( സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്) തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്ക്കരണ ആനുകൂല്യം

കൃഷി വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതും പത്തും ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.

ദില്ലിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിക്ക് ഓണറേറിയം

ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചു.

രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News