മന്ത്രി മുഹമ്മദ് റിയാസിനെതിരായ സുരേന്ദ്രന്റെ പരാമര്‍ശം മുസ്ലീം നാമധാരികളെ തീവ്രവാദികളാക്കുന്ന ചാണക ബുദ്ധി: പി എം ആര്‍ഷോ

മന്ത്രി മുഹമ്മദ് റിയാസിനെതിരായ സുരേന്ദ്രന്റെ പരാമര്‍ശം മുസ്ലീം നാമധാരികളെ തീവ്രവാദികളാക്കുന്ന ചാണക ബുദ്ധിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇതുവരെ കാണാത്ത തരത്തിലുള്ള ബിജെപിയുടെ ക്രൈസ്തവ പ്രേമത്തിലെ കാപട്യം വിമര്‍ശിച്ച അനേകം നേതാക്കളുണ്ടെന്നും ആര്‍ഷോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെതിരായ കെ. സുരേന്ദ്രന്റെ പരാമര്‍ശം മുസ്ലീം നാമധാരികളെ തീവ്രവാദികളാക്കുന്ന ചാണക ബുദ്ധി. ഇതുവരെ കാണാത്ത തരത്തിലുള്ള ബിജെപിയുടെ ക്രൈസ്തവ പ്രേമത്തിലെ കാപട്യം വിമര്‍ശിച്ച അനേകം നേതാക്കളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വരെ ബിജെപിയെ വിമര്‍ശിച്ചു നിലപാട് പറഞ്ഞതാണ്. ആ കൂട്ടത്തില്‍ ബിജെപിയുടെ ഈ കാപട്യത്തിനെത്തിരെ സംസാരിച്ച കെ.ടി ജലീലിനെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ തീവ്രവാദ മുദ്ര ചാര്‍ത്തി ആക്ഷേപിക്കുകയുണ്ടായി. ഇന്നിപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ മന്ത്രി മുഹമ്മദ് റിയാസിനെ പി.എഫ്.ഐ ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുകയാണ്.
തന്റെ ജീവിതത്തിലുടനീളം പുലര്‍ത്തിയ മത നിരപേക്ഷ നിലപാടിന്റെ പേരില്‍ മുസ്ലീം മതമൗലിക വാദികളുടെ പോലും അക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന സഖാവ് മുഹമ്മദ് റിയാസ് സുരേന്ദ്രനെ പോലുള്ള ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് മുസ്ലീം തീവ്രവാദിയാകുന്നു എന്നതാണ് തമാശ. കെ. സുരേന്ദ്രനും രാജ്യത്തെ ബിജെപി അനുഭാവികള്‍ക്കും മുസ്ലീം നാമധാരികളായ എല്ലാ മനുഷ്യരും തീവ്രവാദികളാണ്. അതൊരു പുതുമയുള്ള കാര്യമല്ല. എന്നാല്‍ ആ ചാണക ബുദ്ധിയും ചുമന്നുകൊണ്ട് സംസ്ഥാന മന്ത്രിയടക്കമുള്ള മത നിരപേക്ഷ മനുഷ്യരെ അധിക്ഷേപിക്കാന്‍ നിന്നാല്‍ കേരളമത് കണ്ട് നില്‍ക്കുകയോ അനുവദിച്ചു തരുകയോ ചെയ്യില്ലെന്ന് മര്യാദയുടെ ഭാഷയില്‍ അറിയിക്കട്ടെ.
രാജ്യത്തുടനീളം പള്ളി പൊളിക്കുകയും ക്രൈസ്തവ വേട്ട നടത്തുകയും ചെയ്യുന്ന, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ പോലും ഓര്‍ഗനൈസറില്‍ വര്‍ഗ്ഗീയ ലേഖനമെഴുതിയ ബിജെപി, തങ്ങളെ പുറം കാലുകൊണ്ട് തൊഴിച്ചോടിക്കുന്ന കേരളത്തിന്റെ മണ്ണില്‍ ഗതി പിടിക്കാന്‍ അധികാര തല്പരരായ ചിലരുടെ തിണ്ണ നിരങ്ങുന്നതൊക്കെ അവരുടെ താല്പര്യം. എന്നാല്‍ അതിന്റെ പേരില്‍ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ജാതിയും മതവും നോക്കി മുസ്ലീം തീവ്രവാദ ചാപ്പ നല്‍കി ഒതുക്കിക്കളയാം എന്ന ചാണകബുദ്ധി മാരാര്‍ജി
ഭവന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ വച്ച് പുറത്തിറങ്ങിയാല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here