
അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നും അങ്ങേയറ്റം ക്രൂരമായ ക്രിമിനൽ പ്രവർത്തനമാണ് നടന്നിരിക്കുന്നതെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തു വിട്ടതിന്‍റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനസാക്ഷിയുള്ള മനുഷ്യരെ പ്രയാസപ്പെടുത്തുന്ന തരം ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ അക്രമത്തിന് നേതൃത്വം കൊടുത്തിരിക്കുന്ന ക്രിമിനലുകൾ ശക്തമായ നിയമ നടപടികൾ നേരിടുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഒരാളും ഇനി ഇത് പോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്ക വണ്ണമുള്ള ശിക്ഷ പ്രതികൾക്ക് നൽകണമെന്നും ആർഷോ ആവശ്യപ്പെട്ടു.
കലാലയ രാഷ്ട്രീയത്തിന്‍റെ അഭാവമാണ് ഇത്തരം ക്രൂര സംഭവങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവർത്തിക്കപ്പെടുന്നതിന്റെ ഒരു കാരണമെന്നും ആർഷോ വ്യക്തമാക്കി. കാമ്പസുകളിൽ നിന്നും റാഗിങ്ങ് പോലുള്ള ക്രൂരതകൾ നീക്കുന്നതിനായുള്ള ഇടപെടലുകൾ എസ് എഫ് ഐയുടെ നേതൃത്വത്തിൽ നടത്തുമെന്നും പിഎം ആർഷോ കൂട്ടിച്ചേർത്തു.
കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലുകളില്‍ കോമ്പസ് കൊണ്ട് ആഴത്തില്‍ കുത്തുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയും.
അതേസമയം കോട്ടയം ഗവമെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർത്ഥികൾ നിരന്തരമായി റാഗിങ് ഇരായായിട്ടും പുറത്ത് പറയാൻ ആരും തയ്യാറായിരുന്നില്ല. ഇതിൻ്റെ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here