മോദി തന്റെ ‘ശക്തി’ പരമാര്‍ശത്തെ വളച്ചൊടിച്ചു; പറഞ്ഞത് സത്യം മാത്രം: രാഹുല്‍ ഗാന്ധി

തന്റെ ശക്തി പരാമര്‍ശത്തെ വളച്ചൊടിച്ച പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി. തന്റെ പരാമര്‍ശം പ്രധാനമന്ത്രി വളച്ചൊടിക്കുന്നത് താന്‍ യാഥാര്‍ത്ഥ്യം പറഞ്ഞതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ശക്തി പരാമര്‍ശം നടത്തിയത്. ഹിന്ദുവിശ്വാസത്തില്‍ ഒരു വാക്കുണ്ട് ശക്തി. ആ ശക്തിക്ക് എതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. ചോദ്യം അത് ഏത് ശക്തിയാണെന്നതാണ്? രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണ്. അത് സത്യമാണ്. രാജാവിന്റെ ആത്മാവ് ഇവിഎമ്മിലെന്ന പോലെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലുമുണ്ട്. ഇഡി, സിബിഐ, ഐടി… എന്നാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.

ഇതിന് മറുപടിയായി പ്രതിപക്ഷത്തെയും രാഹുലിനെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് 2024ലെ പോരാട്ടം ‘ശക്തി’യെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ശക്തിയെ ആരാധിക്കുന്നവരും തമ്മിലാണെന്നാണ്.

ഇതോടെയാണ് എക്‌സില്‍ പ്രതികരണവുമായി രാഹുലെത്തിയത്. മോദിക്ക് എന്റെ വാക്കുകള്‍ ഇഷ്ടമായില്ല. എപ്പോഴും ഞാന്‍ പറയുന്നത് വളച്ചൊടിച്ച് മറ്റൊരു രീതിയിലാക്കും. കാരണം ഞാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹത്തിന് അറിയാം. ശക്തി എന്ന് ഞാന്‍ പരാമര്‍ശിച്ചതും ഞങ്ങള്‍ പോരാടുന്നത് അതിന് പിറകില്‍ മറഞ്ഞിരിക്കുന്ന മോദിക്കെതിരെയുമാണ്. ഇന്ത്യയുടെ എല്ലാ ശബ്ദങ്ങളെയും പിടിച്ചടക്കിയ, സിബിഐ, ഐടി, ഇഡി, ഇലക്ഷന്‍ കമ്മിഷന്‍ അടക്കമുള്ളതിനെ പിടിച്ചുവച്ചിരിക്കുന്ന ഒരു ശക്തിയാണത്. ആയിരക്കണക്കിന് കോടികളുടെ ലോണുകള്‍ മോദി എഴുതിതള്ളുമ്പോള്‍ ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.

പ്രധാനമന്ത്രി ഏതെങ്കിലും മതത്തിലെ ശക്തിയല്ല. അനീതിയുടെ ശക്തിയാണ്, അഴിമതിയുടെയും വഞ്ചനയുടെയും ശക്തിയാണ്. അതുകൊണ്ടാണ് എപ്പോഴെങ്കിലും ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ മോദിയും അദ്ദേഹത്തിന്റെ കള്ളതരത്തിന്റെ മെഷീനുകളും ആശങ്കപ്പെടുന്നതും രോഷാകുലനാകുന്നതുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here