
ഏറെ വിവാദമായ പി.എം ശ്രീ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് തുടങ്ങിയ വിഷയങ്ങളിൽ മുസ്‌ലിം ലീഗിൻ്റെ നിലപാട് പാർട്ടി പാർലമെന്ററി പാർട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ടു വിഷയത്തിലും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വാദങ്ങൾക്ക് പിന്നിൽ അടിയുറച്ച് നിൽക്കുകയാണെന്ന പത്ര റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. മുതിർന്ന ഈ മന്ത്രിസഭാംഗങ്ങളുടെ നിലപാടിന് മുന്നിൽ മറ്റു മന്ത്രിമാർക്ക് മൂകസാക്ഷികളായി നിൽക്കേണ്ടി വന്നത്രേ എന്ന് ഐഎൻഎൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വിദ്യാഭ്യാസത്തിൻ്റെ കാവി വത്ക്കരണം ലക്ഷ്യമിട്ടുള്ള പി.എം ശ്രീ പദ്ധതിക്കെതിരെ വ്യാപകമായ എതിർപ്പുയർന്നിട്ടും ലീഗ് നേതാവ് ആർ.എസ്.എസിനോട് കാണിക്കുന്ന വിധേയത്വം, സ്വന്തം പാർട്ടിയെ പോലും വഞ്ചിക്കുന്നതാണ്. ബി.ജെ.പിയുടെ ദേശീയ വിദ്യാഭ്യാസ നയം വഴി ആർ.എസ്.എസ് ആവിഷ്കരിച്ച സിലബസും പാഠ്യേതരപദ്ധതികളും അടിച്ചേൽപ്പിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് മനസ്സിലാക്കി പ്രതിപക്ഷം മാത്രമല്ല, മത-സാംസ്കാരിക സംഘടനകളും ഇതിനകം ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.
പി.എം ശ്രീ യിൽ നിന്ന് സർക്കാർ പിന്മാറുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പി.എം ശ്രീ, മദ്യനയം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടെ നയത്തിൽ മാറ്റമില്ലെന്നും യുക്തമായ സമയത്ത് നിലപാട് വ്യക്തമാക്കുമെന്നും ലീഗ് സെക്രട്ടറി പി.എം.എ സലാം ആവർത്തിക്കുന്നുണ്ടായിയിരുന്നു. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ശക്തമായ ദുർ വാശിക്ക് കുഞ്ഞാലിക്കുട്ടി പിന്തുണ നൽകിയ സ്ഥിതിക്ക്, ഈ വിഷയം പഠിക്കാൻ നിയോഗിക്കപ്പെട്ട മന്ത്രി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ റിപ്പോർട്ട് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിക്കുകയേ ഇനി നിർവാഹമുള്ളുവെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഓർമിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

