
ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തെ തുറമുഖങ്ങളുടെ ഹബ്ബാക്കുമെന്ന പ്രഖ്യാപനത്തിലൂടെ മോദിക്കും അദാനിക്കും സന്തോഷമായെന്ന് മുഖ്യമന്ത്രി സതീശൻ ഉറപ്പാക്കിയിട്ടുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മെഹ്ജൂബ് എസ്.വി എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്. വിഴിഞ്ഞം പദ്ധതിയിൽ അദാനിക്ക് വൻ ലാഭം കൊയ്യാൻ അവസരമുണ്ടാക്കിയത് ഏറ്റവും ഒടുവിലത്തെ യു. ഡി. എഫ് സർക്കാരാണെന്നും കരാറിൽ നിന്ന് പുറകോട്ടു പോയാൽ നിയമക്കുരുക്കിൽപ്പെട്ട് പദ്ധതി തന്നെ മുടങ്ങിപ്പോകും എന്ന അവസ്ഥയിൽ എൽ. ഡി. എഫ് സർക്കാറിന് കരാർ അംഗീകരിക്കേണ്ടിവന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മെഹ്ജൂബ് ചൂണ്ടിക്കാട്ടുന്നു.
മെഹ്ജൂബ് എസ്.വിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
”കേരളത്തെ തുറമുഖങ്ങളുടെ ഹബ്ബാക്കും” –
എന്നിലെ ദോഷൈകദൃക്കിനെ ഉണർത്തിയത് നയപ്രഖ്യാപനത്തിലെ ഈ പ്രഖ്യാപനമാണ്.
ആരാണ് കേരളത്തിൻ്റെ തുറമുഖമന്ത്രി?
മുഖ്യമന്ത്രി സതീശൻ.
ആരുടേതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് കമ്പനി ?
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോർട്ട്സ്. രാജ്യത്തിനകത്ത് 15 തുറമുഖങ്ങളുടേയും രാജ്യത്തിന് പുറത്ത് ഇസ്രായേൽ, ഓസ്ട്രേലിയ, ശ്രീലങ്ക, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ 4 തുറമുഖങ്ങളുടേയും നടത്തിപ്പും ചരക്കുനീക്കവും നിയന്ത്രിക്കുന്ന കൂറ്റൻ കമ്പനി. (ഇസ്രായേലിൽ നമ്മുടെ പ്രധാനമന്ത്രി നടത്തിയ ഫാദർലാൻ്റ്- മദർലാൻ്റ് പ്രസംഗം സ്മരണയിൽ വെയ്ക്കുക)
ഇനി അണിയറ നീക്കങ്ങൾ ഒന്നോർത്തെടുത്തു നോക്കൂ…
അദാനിയുടെ കേരളത്തിൻ്റെ ചുമതലക്കാരനെ കാണാൻ ചാർട്ടേഡ് ഫ്ലൈറ്റിൽ പോകുന്നു. ഇടനില നിൽക്കാൻ NDA നേതാക്കൾ!
അടുത്തത്..?.
കഴിഞ്ഞകാലത്ത് ഏറിയകൂറും കടന്നപ്പള്ളി രാമചന്ദ്രൻ, അഹമദ് ദേവർകോവിൽ, വി. സുരേന്ദ്രൻ പിള്ള, എം. വി. രാഘവൻ തുടങ്ങി ചെറു ഘടകകക്ഷിനേതാക്കൾ കൈകാര്യം ചെയ്തുപോന്ന തുറമുഖ വകുപ്പ് ഇത്തവണ അതിപ്രാധാന്യത്തോടെ മുഖ്യമന്ത്രി സതീശൻ നേരിട്ട് ഏറ്റെടുക്കുന്നു.
ചോദിക്കാതെ തന്നെ കേന്ദ്രഫണ്ട് കേരളത്തിന് അനുവദിക്കുന്നു.
എന്നിട്ട്?
കേരളത്തെ തുറമുഖങ്ങളുടെ ഹബ്ബാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽത്തന്നെ പ്രഖ്യാപിക്കുന്നു.
സന്തോഷമായൊ?
ഇല്ല.
എന്നാൽ അദാനിക്കും മോദിക്കും സന്തോഷമായി എന്ന് മുഖ്യമന്ത്രി സതീശൻ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഡീൽ സെറ്റിൽ ചെയ്യുമെന്ന് സാക്ഷാൽ ആർലേക്കറുടെ വായിലൂടെത്തന്നെ ഉറപ്പുനൽകാൻ കഴിയുക എന്നത് വല്ല്യ കഴിവല്ലേ?
വിഴിഞ്ഞം പദ്ധതിയിൽ അദാനിക്ക് വൻ ലാഭം കൊയ്യാൻ അവസരമുണ്ടാക്കിയത് ഏറ്റവും ഒടുവിലത്തെ യു. ഡി. എഫ് സർക്കാരാണ്. കരാറിൽ നിന്ന് പുറകോട്ടു പോയാൽ നിയമക്കുരുക്കിൽപ്പെട്ട് പദ്ധതി തന്നെ മുടങ്ങിപ്പോകും എന്ന അവസ്ഥയിൽ എൽ. ഡി. എഫ് സർക്കാറിന് കരാർ അംഗീകരിക്കേണ്ടിവന്നു.
ഇനി നെഹ്റുവിയൻ സോഷ്യലിസ്റ്റിൻ്റെ ഊഴമാണ്. അടുത്ത അഞ്ചുകൊല്ലത്തിനുള്ളിൽ തീരം മൊത്തം അദാനിക്ക് തീറെഴുതിയിട്ടില്ലെങ്കിൽ 2031-ൽ നമുക്ക് കോഴിക്കോട് കടപ്പുറത്ത് കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

