പൊലീസിന്റെ വന്‍ ലഹരിവേട്ട വീണ്ടും: ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍

പൊലീസിന്റെ നേതൃത്വത്തില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രാഘവന്റെ മകന്‍ രവീന്ദ്രന്‍ (57), ഇയാളുടെ മകന്‍ മണികണ്ഠന്‍ എന്നിവരാണ് ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു.

രവീന്ദ്രന്‍ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറും, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെയും അടൂര്‍ ഡി വൈ എസ് പി ആര്‍ ജയാജിന്റെയും മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്. പ്രതികള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അതിഥിതൊഴിലാളി ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ലാല്‍ഗോല രാജാരാംപുര്‍ ചക്മാഹാറം എന്ന സ്ഥലത്ത് മോര്‍ട്ടുജ മകന്‍ പിന്റു ഷെയ്ഖ് (28) എന്നയാളെ ഒരു കിലോ കഞ്ചാവുമായാണ് അടൂര്‍ ഏഴാംമൈലില്‍ വച്ച് ഏനാത്ത് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

Also Read: തൃശ്ശൂരില്‍ തെരുവുനായ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരുക്ക്

ജില്ലയില്‍ ലഹരിവസ്തുക്കളുടെ കൈമാറ്റവും വില്പനയും തടയുന്നതിന് ശക്തമായ നടപടികളാണ് പൊലീസ് കൈക്കൊണ്ടുവരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. റെയ്ഡില്‍ ഡാന്‍സാഫ് സംഘത്തിലെ എസ് ഐ അനൂപ്, അടൂര്‍ എസ് ഐ മനീഷ്, ഡാന്‍സാഫ് എ എസ് ഐ അജികുമാര്‍, സി പി ഓമാരായ മിഥുന്‍, ബിനു, അഖില്‍, ശ്രീരാജ്, സുജിത്, അടൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഓ സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയുള്ള വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News