
എസ് എഫ് ഐ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടത്തിയ സമരത്തിൽ പോലീസ് അതിക്രമം. നൂറ് കണക്കിന് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ധർമ്മേന്ദ്ര പ്രഥാൻ്റെ രാജി, നീറ്റ്, സിബിഎസ്ഇ ക്രമക്കേടുകൾ, എൻടിഎ പിരിച്ച് വിടുക എന്നീ വിഷയങ്ങൾ ഉയർത്തി ആയിരുന്നു എസ് എഫ് ഐ ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമരം നടത്തിയത്.
സമരത്തിന് നേരെ പോലീസ് അതിക്രൂരമായ ലാത്തിച്ചാർജ് നടത്തുകയും വിദ്യാർത്ഥികളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. നൂറിലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന രീതിയിലുള്ള നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഏകദേശം ആയിരത്തോളം സമരങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഈ പ്രതിഷേധങ്ങളുടെ തുടർച്ചയായി, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ജൂൺ 19-ന് രാജ്യതലസ്ഥാനമായ ദില്ലഹിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് എസ്എഫ്ഐ വലിയ മാർച്ച് സംഘടിപ്പിക്കും.
അതേസമയം നീറ്റ് യുജിസി പുന പരീക്ഷയിൽ മാറ്റങ്ങളുമായി എൻടിഎ. പരീക്ഷ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ. പരീക്ഷ സമയം 15 മിനിറ്റ് വർദ്ധിപ്പിച്ച് 180 മിനിറ്റിൽ നിന്നും 195 മിനിറ്റ് ആക്കി. പുതുക്കിയ സമയക്രമം അനുസരിച്ച് ഉച്ചയ്‌ക്ക് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയായിരിക്കും പരീക്ഷ നടക്കുക. ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കല്‍, ഇന്‍വിജിലേഷന്‍ നടപടികള്‍ തുടങ്ങിയ നിര്‍ബന്ധിത പരീക്ഷാ ഫോര്‍മാലിറ്റികള്‍ക്ക് ആവശ്യമായ സമയം കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷാ സമയം നീട്ടിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് വര്‍ക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തി. സമവാക്യങ്ങള്‍ ചെയ്യാനും ഡയഗ്രാമുകള്‍ വരയ്‌ക്കാനും ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്ഥലം ലഭിക്കുമെന്നും എൻടിഎ അറിയിച്ചു. ഈ മാസം 21 നാണ് പുനഃപരീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

