
പാലക്കാട് പോത്തുണ്ടി സ്വദേശി ചെന്താമരാക്ഷന്‍ അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തില്‍ ബി എന്‍ എസ്സിലെ 126(2), 103 വകുപ്പുകള്‍ പ്രകാരം ക്രൈം. 64/2025 ആയി നെന്മാറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്‍.ഷംസുദ്ദീൻ്റെ സഭ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന് മറുപടിയയാണ് മുഖ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.
ഒളിവില്‍ പോയ പ്രതിയെ ആലത്തൂര്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 11 അംഗ സംഘം തൊട്ടടുത്ത ദിവസം രാത്രിയോടെ പിടികൂടിയിരുന്നു. നിലവില്‍ ഇയാള്‍ റിമാന്റിലാണ്. കേസിന്റെ അന്വേഷണം ആലത്തൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കാര്യക്ഷമമായി നടന്നുവരുന്നു.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ ഈ കേസില്‍ പ്രതിയായ ചെന്താമരാക്ഷന്‍ 2019ല്‍ കൊലപ്പെടുത്തിയ കേസ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പരിഗണനയിലാണ്. പ്രതിക്ക് 24.05.2022ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും കോടതിയുടെ ഉത്തരവില്ലാതെ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല എന്ന ജാമ്യവ്യവസ്ഥയില്‍ പിന്നീട് കോടതി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെ കോടതിയില്‍ പൊലീസ് എതിര്‍ത്തിരുന്നു.
കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില ചെന്താമര അയാളുടെ വീട്ടിലുണ്ടെന്നും ഇയാളില്‍ നിന്നും ഭീഷണി ഉണ്ടെന്നും കാണിച്ച് 29.12.2024 ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെന്മാറ പൊലീസ് അന്നേ ദിവസം തന്നെ ചെന്താമരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും മറ്റും ശക്തമായി താക്കീത് നല്‍കിയിരുന്നു.
അതിനുശേഷമാണ് ദാരുണമായ സംഭവമുണ്ടായത്. പരാതികള്‍ ലഭിച്ചിട്ടും നടപടിയില്‍ വീഴ്ച വരുത്തിയതിന് നെന്മാറ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹനെ 28.01.2025ന് സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട കണ്ണങ്കരയില്‍ 04.02.2025 ന് രാത്രി 11 മണിയോടെ ആളുകള്‍ കൂട്ടംകൂടി നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശി ആളുകളെ പിരിച്ചുവിടുകയുണ്ടായി. ഇക്കൂട്ടത്തില്‍ അടൂരില്‍ നിന്നും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങിവന്ന എരുമേലി സ്വദേശികളില്‍ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.
ഇവരില്‍ ചിലര്‍ സമീപത്തെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബാറിലെ ജീവനക്കാരുമായും കൂട്ടംകൂടി നിന്ന മറ്റുളളവരുമായും സംസാരിക്കുകയും ബഹളമുണ്ടാക്കുകയുമുണ്ടായി. സംഭവത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ BNS 189(2), 191(2), 190, 296(b), 351(2) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ഈ സംഭവത്തില്‍വെച്ച് പരിക്കേല്‍ക്കാനിടയായി ചികിത്സയില്‍ കഴിഞ്ഞ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ BNS 115(2), 118(1), 118(2), 3(5) എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം. 296/2025 ആയി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ തെറ്റായ രീതിയില്‍ നടപടി സ്വീകരിച്ച പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജിനു ജെ. യു, പൊലീസ് ഉദ്യോഗസ്ഥരായ ജോബിന്‍, അഷ്ഫാക്ക് റഷീദ് എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പരാതികളില്‍ ശരിയായ രീതിയിലല്ലാതെ നടപടി സ്വീകരിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയാണ്.
ഇത്തരം സംഭവങ്ങളെ പൊതുവത്ക്കരിച്ച് പോലീസിനെതിരായ പ്രചാരണം നടത്തുന്നത് ശരിയല്ല. നോട്ടീസില്‍ ഉന്നയിച്ച രണ്ടു സംഭവങ്ങളിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ചില സംഭവങ്ങള്‍ എടുത്തുകാട്ടി ഇവിടെ ക്രമസമാധാനം ആകെ തകര്‍ന്നുവെന്നു പറഞ്ഞാല്‍ അത് ഒരു ചിത്രമായി വരില്ല. അതാണ് കേരളത്തിന്‍റെ അനുഭവം.
ചെന്താമര നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നത് നേരത്തെ കൊടുത്ത ഉത്തരവായിരുന്നു. അതാണ് പിന്നീട് നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുത് എന്ന ഇളവായി കോടതി മാറ്റിയത്. അതിനേയും പോലീസ് എതിര്‍ക്കുകയാണ് ചെയ്തത്.
നമ്മുടെ സംസ്ഥാനത്ത് ധാരാളം പേര്‍ ജാമ്യത്തില്‍ ഇറങ്ങുന്നുണ്ട്. അങ്ങിനെയുള്ള ആളുകളില്‍ കുറേപേര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ട്. അപ്പോള്‍ പോലീസിന് ചെയ്യാന്‍ പറ്റുന്നത് എന്താണ് എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതാണ്. പോലീസിന് ചെയ്യാന്‍ പറ്റുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തലാണ്. കോടതിയാണ് തീരുമാനമെടുക്കേണ്ടത്. കാരണം ജാമ്യം കോടതി അനുവദിച്ചതാണ്. കോടതി അനുവദിച്ച ജാമ്യത്തില്‍ പോലീസിന് അവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ ഹാജരാക്കാന്‍ അധികാരമുണ്ടോ. ആ അധികാരം പോലീസിന് കൊടുക്കുന്നതിനോട് നിങ്ങള്‍ക്ക് യോജിപ്പാണോ. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്‍റെ പേരില്‍ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണ അധികാരം കൊടുക്കാമോ എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലേ. ഗൗരവമായി പരിശോധിക്കേണ്ട കാര്യമല്ലേ.
ചെന്താമരയെ പെട്ടെന്ന് പിടികൂടാന്‍ നടപടി സ്വീകരിച്ചല്ലോ. പോലീസിന്‍റെ ഭാഗത്തുവന്ന വീഴ്ച ഇത്തരമൊരു പരാതി ലഭിച്ചാല്‍ അതീവഗൗരവമായി കൈകാര്യം ചെയ്യണമെന്നതായിരുന്നു. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട് എന്ന പരാതിയില്‍ നടപടി പോലീസ് സ്വീകരിക്കേണ്ടതായിരുന്നു. വെറുതെയാണോ സസ്പെന്‍ഡ് ചെയ്തത്. ശക്തമായ നടപടി ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്നു.
പത്തനംതിട്ടയിലെ സംഭവം സാധാരണ രീതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എസ്.ഐ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടക്കുകയാണ്. തെറ്റായ ഒരു കാര്യം പോലീസിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചാല്‍ അതിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല. നടപടിയെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഏത് പോലീസ് ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്താല്‍ കര്‍ക്കശമായ നടപടി ഉണ്ടാകും.
82 വയസ്സുകാരിയെ പൂട്ടിയിട്ടത് അങ്ങേയറ്റം ഹീനമായ സംഭവമാണ്. നാട്ടിലുള്ള ക്രിമിനല്‍ വാസനയുടെ ഭാഗമായി നടക്കുന്ന സംഭവമാണ് ഇതൊക്കെ. ഒരു ഡിവൈഎസ്പി മദ്യപിച്ച് വാഹനമോടിച്ചു എന്നുവെച്ച് പോലീസുകാരാകെ മദ്യപിക്കുന്നവരാണെന്ന് പറയാന്‍ പറ്റുമോ. പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും ക്രമസമാധാന നില ഭദ്രമായ സംസ്ഥാനമാണ് കേരളം. കൈക്കൂലി ഡിജിറ്റലൈസ് ചെയ്തെന്ന് പറഞ്ഞത് വയനാടിനെ നോക്കി പറഞ്ഞതായിരിക്കും. സൈബര്‍ കുറ്റകൃത്യങ്ങളടക്കം നല്ലരീതിയില്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. വര്‍ഗ്ഗീയ ലഹളയില്ലാത്ത സംസ്ഥാനമായി നിലനിർത്താന്‍ പോലീസിന്‍റെ ശ്രമം വലുതല്ലേ. പല കാര്യങ്ങളിലും ജനസൗഹൃദമായ കാര്യങ്ങള്‍ പോലീസ് നടത്തുന്നു.
നല്ലരീതിയിലുള്ള ഇടപെടലിലൂടെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ പോലീസിന് കഴിയുന്നുണ്ട്.
2015 ല്‍ ഹരിപ്പാട്ടെ ജലജാ സുരന്‍ വധിക്കപ്പെട്ട കേസ് വര്‍ഷങ്ങളോളം തെളിയാതെ കിടന്നതായിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവായിരുന്നതാണ്. ആ കേസ് ക്രൈം ബ്രാഞ്ചിന്‍റെ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടു.
(2) കൂടത്തായി കൊലപാതക പരമ്പര ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദുരൂഹ മരണങ്ങള്‍ കൊലപാതകമാണെന്ന് പോലീസ് അന്വേഷിച്ച് തെളിയിച്ചത്.
(3 )പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതാണെന്ന ഭര്‍ത്താവിന്‍റെ വാദം പൊളിച്ചെഴുതിയാണ് ഉത്ര കൊലക്കേസ് പോലീസ് തെളിയിച്ചത്.
(4)ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളും പോലീസും ഒത്തൊരുമിച്ചാണ് അത് സാധിച്ചത്.
(5)ഏറ്റവും ഒടുവില്‍ ഷാരോണ്‍ കൊലക്കേസ്സ്. ഇവിടെ ശാസ്ത്രീയമായ തെളിവുകളും സൈബര്‍ തെളിവുകളും ശേഖരിച്ച് ആസൂത്രിത കൊലപാതകമാണെന്ന് കോടതിയില്‍ തെളിച്ച് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുത്തു. ഈ കേസ്സിന്‍റെ അന്വേഷണം കേരള പോലീസിന്‍റെ അധികാരപരിധിയില്‍ വരുന്നതാണെന്ന് കോടതിയില്‍ സ്ഥാപിക്കാനും ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാര്‍ എന്നും ഇരയോടൊപ്പമാണ് എന്ന് നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് പോലീസിന്‍റെ ഈ നിലപാട്.
പോലീസിന് ഒരുപാട് നന്മകള്‍ ചെയ്യുവാന്‍ കഴിയുന്നുണ്ട്. ഫലപ്രദമായി പ്രവര്‍ത്തിക്കാനും കഴിയുന്നുണ്ട്. വീഴ്ചകള്‍ ചിലത് സംഭവിക്കുന്നുവെന്നത് ഗൗരവമായി കണ്ട് ആരെങ്കിലും ഒരാള്‍ വീഴ്ച കാണിച്ചാല്‍ അത് മറച്ചുവക്കാനോ അതിനെ ഇല്ലാതാക്കാനോ ഉള്ള നടപടിയല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത്തരം കാര്യങ്ങളില്‍ കര്‍ക്കശമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ നിയമപരമായി നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണ നല്‍കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here