മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞു; ഫാ.യൂജിൻ പെരേരക്കെതിരെ കേസ്

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് കേസെടുത്തു. മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിൻ പെരേരയാണ് കേസിലെ ഒന്നാം പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്.

അതേസമയം, മുതലപ്പൊഴിയിൽ വള്ളം മറിഞ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അദാലത്ത് നിർത്തി വെച്ച് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. മന്ത്രി സംഘം സ്ഥലത്തെത്തിയപ്പോൾ തന്നെ ഫാദർ യൂജിൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വനവുമായി രംഗത്തെത്തി. ഇതേ തുടർന്നാണ് മത്സ്യതൊഴിലാളികളിൽ ചിലർ മന്ത്രിമാർക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാണാതായവരെ ജീവനോടെ കണ്ടെത്തുന്നതിന് ഊർജിതമായ ശ്രമമാണ് നടക്കുന്നത്. ഇതിനിടെയാണ് അപകടത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള യൂജിൻ പേരേരയുടെ നീക്കം.

നേരത്തെ ദിവസങ്ങൾ നീണ്ടു നിന്ന വിഴിഞ്ഞം സമര കാലത്തും മത്സ്യതൊഴിലാളികളെ ഇറക്കിവിട്ടുള്ള കലാപ നീക്കത്തിന് യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. ചില ഘട്ടങ്ങളിൽ സമരം അക്രമാസക്തമായതിന് പിന്നിലും യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ഉള്ള 11 അംഗ സംഘമാണ് എന്ന വാർത്തകൾ ഉണ്ടായിരുന്നു. വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്മാറേണ്ടി വന്നതിലെ പകയാണ് യൂജിൻ പെരേരയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ എന്ന് മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Also Read: ‘മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു; സംഘര്‍ഷം ഒഴിവാക്കാന്‍ നാട്ടുകാര്‍ തന്നെ ഇടപെട്ടു’: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here