ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാര്‍: സി ആര്‍ ബിജു

ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാരെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു. ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെയാണ് കേരളാ പോലീസ് കൈകാര്യം ചെയ്യുന്നത്.

READ ALSO:ആന്ധ്രാരാഷ്ട്രീയത്തില്‍ തൊട്ട് രാംഗോപാല്‍ വര്‍മ; ‘വ്യൂഹ’ത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

എന്നാല്‍ അതിനെ ദൗര്‍ബല്യമായി കണ്ട് അക്രമകാരികള്‍ കൂടുതല്‍ ആക്രമണകാരികളായി മാറുമ്പോഴാണ് പലപ്പോഴും ഒരു പരിക്കും ഉണ്ടാക്കാത്ത, ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ മാത്രമായി ഉപയോഗിക്കുന്ന ജലപീരങ്കി, ടിയര്‍ ഗ്യാസ് എന്നിവ പോലീസിന് ഉപയോഗിക്കേണ്ടി വരുന്നത്. തീരെ നിവൃത്തി ഇല്ലാത്ത സാഹചര്യത്തിലാണ് ലാത്തി പോലും പോലീസിന് വീശേണ്ടി വരുന്നത്. എന്തും സഹിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍, അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ല എന്ന ചിന്തയിലാണ് ഗോളിയില്ലാത്ത പോസ്റ്റില്‍ ഗോളടിച്ച് ആത്മനിര്‍വൃതി അടയുന്ന തരത്തിലുള്ള ചില പേക്കോമരങ്ങളുടെ ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ ഉണ്ടാകുന്നത്- ബിജു സിആര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO:അട്ടപ്പാടിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

‘ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിന്ന് കൗതുകം ‘

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ വ്യത്യസ്തങ്ങളായ സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമായി ചില അതിക്രമങ്ങളും നടന്നു വരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നടന്നു വരുന്ന ഈ പ്രകടനങ്ങളില്‍ ചിലരെങ്കിലും അന്യായമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
ജനാധിപത്യത്തില്‍ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും അനിവാര്യമാണ്. അത് ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടേയും അവകാശവുമാണ്. ഇത്തരം അവകാശ പോരാട്ടങ്ങള്‍ മറ്റൊരുവന്റെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലേക്ക് മാറിയാല്‍ അത് നിയന്ത്രിക്കുന്നതിന്, അനിയന്ത്രിതമായി മാറി അക്രമാസക്തമായാല്‍ അത് നേരിടുന്നതിന് നിയമപരമായി ചുമതലപ്പെട്ട വിഭാഗമാണ് പോലീസ്. അങ്ങനെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ വലിയ ആക്രമണം നടത്തി പരിക്കേല്‍പ്പിച്ചിട്ട് പോലും സര്‍വ്വവും സഹിച്ച് സെക്രട്ടറിയേറ്റ് നടയില്‍ ഡൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ കേരള സമൂഹം കണ്ടതാണ്. കോഴിമുട്ടയുടെ തോടിനുള്ളില്‍ കുരുമുളക് പൊടി നിറച്ചുകൊണ്ടുവന്ന് പോലീസിന് നേരേ എറിയുന്ന അനുഭവം പോലും ഉണ്ടായി. ഇത്തരം സഹനങ്ങള്‍ ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴില്ല എന്നതും ഇത്തരക്കാര്‍ ചിന്തിക്കേണ്ടതാണ്. ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാര്‍. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെ നമ്മുടെ പോലീസ് കൈകാര്യം ചെയ്തു വരുന്നു. എന്നാല്‍ അതിനെ ദൗര്‍ബല്യമായി കണ്ട് ഇത്തരക്കാര്‍ കൂടുതല്‍ ആക്രമണകാരികളായി മാറുമ്പോഴാണ് പലപ്പോഴും ഒരു പരിക്കും ഉണ്ടാക്കാത്ത, ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ മാത്രമായി ഉപയോഗിക്കുന്ന ജലപീരങ്കി, ടിയര്‍ ഗ്യാസ് എന്നിവ ഉപയോഗിക്കേണ്ടി വരുന്നത്. തീരെ നിവര്‍ത്തി ഇല്ലാത്ത സാഹചര്യത്തിലാണ് ലാത്തി പോലും വീശേണ്ടി വരുന്നത്.
ഇതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചില പോര്‍വിളികള്‍ പോലും അണികളുടെ കയ്യടിക്ക് വേണ്ടി ചിലര്‍ നടത്തുന്നത് കണ്ടു. എന്തും സഹിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍, അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ല എന്ന ചിന്തയിലാണ് ഗോളിയില്ലാത്ത പോസ്റ്റില്‍ ഗോളടിച്ച് ആത്മനിര്‍വൃതി അടയുന്ന തരത്തിലുള്ള ചില പേക്കോമരങ്ങളുടെ ഇത്തരം ജല്‍പനങ്ങള്‍ ഉണ്ടാകുന്നത്.
തെരുവിലിട്ട് തല്ലി കയ്യും കാലും ഒടിക്കും എന്ന് ഒരുവന്‍. പെന്‍ഷന്‍ വാങ്ങിപ്പിക്കില്ല എന്ന് മറ്റൊരുവന്‍. സ്ഥലവും വീടും കണ്ട് വച്ചിട്ടുണ്ട്, വീട് കയറി ആക്രമിക്കും എന്ന് മറ്റൊരുവന്‍. വീട്ടിന് പുറത്ത് ഇറങ്ങി നടക്കാന്‍ അനുവദിക്കില്ല എന്ന് മറ്റൊരുവന്‍. ഇങ്ങനെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്താനും ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ ആരില്‍ നിന്ന് ഉണ്ടായാലും ഇതുപോലെ തരം താഴ്ന്ന ഭാഷയില്‍ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ തിരിച്ച് പ്രതികരിക്കില്ല എന്ന് സൂചിപ്പിക്കട്ടെ. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളെ നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി പരാതികള്‍ നല്‍കി കേസെടുപ്പിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും.
‘പണികളയും എന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്ന് പറയട്ടെ. നിന്റെയൊന്നും ഔദാര്യത്തില്‍ ലഭിച്ച ജോലിയല്ല ഇത്. അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചു വന്നവരാണ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍’. അവര്‍ ഇനിയും ഈ നാടിന്റെ നന്മയ്ക്കായി ക്രമസമാധാനപരിപാലനം നടത്തി ഇവിടെ തന്നെ കാണും.
കൃത്യ നിര്‍വ്വഹണത്തിനിടയില്‍ ശരികേടുകള്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനം പോലീസ് സംഘടനകള്‍ക്കില്ല. എന്നാല്‍ അവരവരെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളത്തിലെ പോലീസ് സംഘടനകള്‍ ഉണ്ടാകും. അവര്‍ക്ക് നേരേ ഉണ്ടാകുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടും.
പലതരം ആക്രോശങ്ങള്‍ പല ഭാഗത്ത് നിന്നും ഇനിയും ഉയര്‍ന്നേക്കാം. അനാവശ്യ ആക്രോശങ്ങളെ അവഗണിക്കുക. നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നിയമപരമാണെന്ന് ഉറപ്പാക്കുക. നാടിന്റെ ക്രമസമാധാന പരിപാലനം കൃത്യമായി നിറവേറ്റുക. ക്രമസമാധാന രംഗത്ത് എന്ന പോലെ തന്നെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മാത്രമല്ല സമസ്തമേഖലകളിലും ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം. ഇന്ത്യയില്‍ മതേതരത്വത്തിന്റേയും, മാനവികതയുടേയും മാതൃകാ സ്ഥാനമാണ് കേരളം. ഇവയെല്ലാം അട്ടിമറിക്കാന്‍ നീക്കങ്ങളുണ്ടാകുമ്പോള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പ്രക്ഷോപങ്ങള്‍ അക്രമാസക്തമാകാതെ ജനാധിപത്യപരമായ സമരരീതികളിലേക്ക് മാറണമെന്ന് കേരളത്തിന്റെ പൊതുസമൂഹത്തോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
CR ബിജു
ജനറല്‍ സെക്രട്ടറി
KPOA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News