
കാലപ്പഴക്കം മൂലം ഏറെ കാലമായി അടച്ചിട്ടിരുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചത് ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. നടന്നത് ഒരു അപകടമാണ്, എന്നാല്‍ ചില മാധ്യമങ്ങളും പ്രതിപക്ഷവും വിഷമകരമായ ഒരു സംഭവത്തെ സമീപിക്കുന്നത് അത്ര അംഗീകരിക്കാനാകാത്ത രീതിയിലാണ്. അപകടമുണ്ടായ സമയം മുതല്‍ തന്നെ പല സത്യാവസ്ഥകള്‍ മനസിലാക്കാതെയും മറച്ചുവെച്ചും പലവിധ രാഷ്ട്രീയ മുതലെടുപ്പുകളും നടത്താനുള്ള ശ്രമങ്ങളെ കൂടി കാണാതെ പോകാനാകില്ല. സംഭവമുണ്ടായി മിനുട്ടുകള്‍ക്കകം മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജും മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ തുടങ്ങിയവരോട് കൂടിയാലോചനകള്‍ നടത്തി കൃത്യമായ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ നേതൃത്വം നല്‍കുകയും ചെയ്തു.
ഒന്നാമത്തെ വസ്തുത മറച്ചുവെയ്ക്കല്‍ ആരംഭിക്കുന്നത് രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപം ഉയര്‍ത്തികൊണ്ടാണ്. എന്നാല്‍ എന്തായിരുന്നു സത്യാവസ്ഥ ? അപകടത്തില്‍ പൊട്ടിവീണ് കിടന്നിരുന്നത് വലിയ കോണ്‍ക്രീറ്റ് പാളികളായിരുന്നു, അത് എടുത്ത് മാറ്റുകയെന്നത് മനുഷ്യസാധ്യമായ ഒരു കാര്യവുമല്ല. അതിന് മണ്ണുമാന്തി യന്ത്രം എത്തിക്കേണ്ട സാഹചര്യവുമുണ്ടായി. നാല് വശവും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്താണ് ഈ അപകടം എന്നതിനാല്‍ അവിടേക്ക് മെഷീന്‍ എത്തിക്കുക എന്ന് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. എന്നിരുന്നാലും മന്ത്രി വീണ ജോര്‍ജും വി എന്‍ വാസവനും അടക്കമുള്ളവര്‍ നേരിട്ട് നേതൃത്വം നല്‍കിയാണ് ആ പ്രതിസന്ധി മാറ്റിയത്. തുടര്‍ന്ന് കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിച്ച് മാറ്റി, ജെസിബി അടക്കമുള്ള എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ബിന്ദുവിനെ പുറത്തെടുക്കുന്നത്. അതിവേഗം അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യന്ത്രം കയറിവരാനുള്ള ഒരു പ്രായോഗിക ബുദ്ധിമുട്ടിനെയാണ് ഇത്തരത്തില്‍ വളച്ചൊടിച്ചതെന്ന് ഓര്‍ക്കണം.
രണ്ടാമത് നടന്നത്, അപകട മരണത്തെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റാനുള്ള ശ്രമമാണ്, 2013ല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി PWD അന്ന് ഭരണത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് നോട്ടീസ് കൊടുത്തിരുന്നു, എന്നാല്‍ പദ്ധതിയ്ക്കായി ഒരു രൂപ മാറ്റിവെയ്ക്കുകയോ പുതിയ കെട്ടിടം പണിയാനുള്ള ശ്രമങ്ങളോ ഉണ്ടായിട്ടില്ല, അന്ന് മുതലുള്ള കാര്യങ്ങള്‍ മന്ത്രി വി എന്‍ വാസവന്‍ കൃത്യമായി മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി.
മാധ്യമങ്ങളിലെ കൃത്യമായ ഇടതുവിരുദ്ധതയും യുഡിഎഫിന്റെ മുതലെടുപ്പും ഈ സംഭവത്തിലുണ്ടായി എന്നുള്ളത് വ്യക്തമായി കാണാം. അപകടമുണ്ടായ അന്ന് രാത്രി ബിന്ദുവിന്റെ മൃതദേഹവുമായി വീട്ടിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകം നമ്മള്‍ കണ്ടതാണ്, വാഹനത്തിന് മുന്നിലേക്ക് ചാടിയും മറ്റുമുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ്. അപകടം അവസരമാക്കുന്ന കോണ്‍ഗ്രസിന്റെ രീതി കേരളം നിലമ്പൂരിലും കണ്ടതാണ്. അത് ഇവിടെയും തുടര്‍ന്നു.
അപകടം നടന്ന സമയം മുതലുള്ള പ്രതികരണങ്ങള്‍ പലതും പൂര്‍ണതയില്ലാതെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പ്രതികരണം. മുഖം കഴുകനായി ബിന്ദു ആ കെട്ടിടത്തിന് സമീപത്തേക്ക് പോയ സമയത്താണ് ഈ ദാരുണ സംഭവമുണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഇത്രയും തിരക്കുള്ള സമയത്ത് കോളേജിലുള്ള റാംപിലൂടെ മെഷീന്‍ എത്തിക്കുന്നത് ദുഷ്‌കരമായ ഒന്നാണെന്നും, എങ്കിലും മണ്ണുമാന്തി യന്ത്രം എത്തിച്ചു എന്നും അദ്ദേഹം പറയുകയുണ്ടായി. ഈ പ്രതികരണങ്ങളൊന്നും പിന്നീടുള്ള മാധ്യമങ്ങളുടെ വീഡീയോയിലൊന്നും കാണാത്തതും എടുത്ത് പറയേണ്ട കാര്യമാണ്. വസ്തുതകള്‍, സാഹചര്യം എന്നിവയെല്ലാം അപ്പാടെ മറച്ചുവെച്ചാണ് പല റിപ്പോര്‍ട്ടിങ്ങുകളും തുടക്കത്തിലുണ്ടായതും, ഇപ്പോള്‍ നടക്കുന്നതും.
രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് അതാകാം, കളങ്കപ്പെടുത്താനും തകര്‍ക്കാനും ആരും പരിശ്രമിക്കരുത്. കാരണം നിരവധി പാവങ്ങളുടെ ആരോഗ്യം രക്ഷിക്കപ്പെടുന്ന കേന്ദ്രത്തിനെതിരയാണ് ഈ പ്രചാരണമെന്ന് ഓര്‍ക്കണമെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here