
നിലമ്പൂരിലെ ഓരോ ചലനവും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാഷ്ട്രീയ കേരളം. വീറുറ്റ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിവെച്ച തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സംവാദ വിഷയങ്ങളിലൂന്നി മാത്രമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ജനക്ഷേമം, അതിദാരിദ്ര്യനിര്‍മാര്‍ജനം, പെന്‍ഷന്‍ – പട്ടയവിതരണങ്ങളും മറ്റ് വികസനനേട്ടങ്ങളുമടക്കമുള്ളവ ഇടതുപക്ഷം പ്രചാരണത്തില്‍ മുന്നോട്ടുവെച്ചു. അതേസമയം, പറയത്തക്ക നേട്ടങ്ങള്‍ ഒന്നും തന്നെ യുഡിഎഫ് പ്രചാരണത്തിന് ഇല്ലായിരുന്നുവെന്നത് ആ മുന്നണിയെ പരിഹാസ്യമാക്കി.
എല്‍ഡിഎഫിന് സ്ഥാനാര്‍ഥിയില്ലേ, സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ എന്താണിത്ര കാലതാമസം, നിലമ്പൂരില്‍ ജനിച്ചു വളര്‍ന്ന സ്വരാജിന് ജന്മനാട്ടില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ തുടങ്ങിയ വെല്ലുവിളികളാണ് ആദ്യഘട്ടത്തില്‍ യുഡിഎഫ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു പിന്നാലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ ഊറ്റംകൊണ്ടായിരുന്നു കേരളത്തിന്റെ പൊതുരാഷ്ട്രീയ നിലവാരത്തിന് ചേരാത്ത തരത്തിലുള്ള പ്രചാരണങ്ങള്‍ ഇറക്കിയത്. യുഡിഎഫ് വെല്ലുവിളിക്ക് കനത്ത പ്രഹരമേല്‍ക്കുന്നതായിരുന്നു എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം. സ്വരാജ് സ്ഥാനാര്‍ത്ഥിയായതോടെ യുഡിഎഫ് ക്യാംപിന്റെ ആത്മവിശ്വാസം പാടെ തകര്‍ന്നു.
പരിഭ്രാന്തരായ യുഡിഎഫ് പിന്നീടങ്ങോട്ട് പന്നിക്കെണി ദാരുണാന്ത്യം മുതല്‍ പെട്ടിവരെ വരെ വച്ചുള്ള രാഷ്ട്രീയക്കളി, പെന്‍ഷന്‍കാര്‍ക്കെതിരായ അധിക്ഷേപം, മതവും വര്‍ഗീയതയും തീവ്രവാദവും മറയാക്കിയ നുണക്കോട്ടകള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെത്തുടങ്ങി മുഖ്യമന്ത്രിക്കുവരെ വ്യക്തിഹത്യ, ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്…അങ്ങനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേയ്ക്ക് വേണ്ടി യുഡിഎഫ് പ്രയോഗിച്ചത് അത്രയേറെ ഹീനതന്ത്രങ്ങളായിരുന്നു. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഒരുവിഭാഗം മാധ്യമങ്ങളും ഐക്യമുന്നണിയായി പെരുംകള്ളങ്ങളാണ് എല്‍ഡിഎഫിനെതിരെ തൊടുത്തുവിട്ടത്.
ക്ഷേമ പെന്‍ഷനുകളെ കൈക്കൂലിയെന്നാക്ഷേപിച്ചതിനുള്ള രാഷ്ട്രീയ ആരോപണത്തിന് നാളെ പോളിങ് ബൂത്തിലെത്തുന്ന നിലമ്പൂര്‍ മണ്ഡലത്തിലെ നാല്‍പ്പതിനായിരത്തിലേറെ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍നിന്ന് യുഡിഎഫിന് മറുപടി ലഭിക്കുമെന്നുറപ്പാണ്. കൈക്കൂലിയല്ല തങ്ങളുടെ അവശതയിലെ കൈത്താങ്ങാണ് പെന്‍ഷനെന്ന് തിരിച്ചറിയുന്നവരാണവര്‍. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആകെ 62 ലക്ഷം പേരാണ്. ഇത്രയും മനുഷ്യരെ അപമാനിക്കുന്നതായിരുന്നു പെന്‍ഷനെതിരായ കെസി വേണുഗോപാലിന്റെ അധിക്ഷേപം. ഇതിനു പിന്നീലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെയും അദ്ദേഹം അപമാനിച്ചു. ഇതിനെല്ലാം ജനങ്ങള്‍ കണക്കുചോദിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്.
യുഡിഎഫ് ഭരിക്കുമ്പോള്‍ പെന്‍ഷന്‍ കാര്യമായി വര്‍ധിപ്പിക്കുന്നതിന് അവര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, പതിനെട്ട് മാസം വിതരണം മുടക്കുകയും ചെയ്‌തെന്ന സത്യം യുഡിഎഫിനെ ഇന്നും പോറലേല്‍പ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കാലത്ത് മുടങ്ങിയ 18 മാസത്തെ പെന്‍ഷന്‍ പിന്നീട് വന്ന ഒന്നാം പിണറായി സര്‍ക്കാരാണ് കൊടുത്തുതീര്‍ത്തത്. ഏതുകൊടുങ്കാറ്റിലും ഉലയാത്ത നിലമ്പൂര്‍തേക്കിന്റെ കരുത്തിനു സമാനമായ മനസ്സോടെയാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ സമീപിച്ചത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ 1800 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ഊന്നിയുള്ള പ്രചാരണം തീര്‍ച്ചയായും എല്‍ഡിഎഫിന് മേല്‍ക്കൈ സമ്മാനിച്ചിട്ടുണ്ട്.
ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ വികസനങ്ങള്‍ തേക്കിന്റെ നാട്ടില്‍ നടപ്പായത് കണ്ടനുഭവിച്ചവരാണ് ഇവിടത്തുകാര്‍. ആദിവാസികളടക്കം ഇവിടുത്തുകാരായ അറുപതിനായിരത്തോളം പേരാണ് ക്ഷേമപെന്‍ഷനിലൂടെ പട്ടിണിയില്ലാതെ ജീവിക്കുന്നത്. സംസ്ഥാനത്തെ തന്നെ മികച്ച പൊതുജനാരോഗ്യ കേന്ദ്രമായ നിലമ്പൂര്‍ ജില്ലാ ആശുപത്രി, മിനിസിവില്‍ സ്റ്റേഷന്‍, മലയോര ഹൈവേ, ഹൈടെക്കായ സ്‌കുളുകള്‍… വികസന സാക്ഷ്യപത്രങ്ങള്‍ ഏറെയുണ്ടിവിടെ.
ഉരുളെടുത്ത കവളപ്പാറയുടെ കണ്ണീരൊപ്പി വീടടക്കം പുതുജീവിതം സമ്മാനിച്ച പിണറായി സര്‍ക്കാരിനെതിരായ പ്രചാരണങ്ങളൊന്നും ഏശില്ലായെന്നതാണ് വസ്തുത. നാലുവര്‍ഷത്തിനകം മൂന്നാംതവണയാണ് നിലമ്പൂരുകാര്‍ വോട്ട് ചെയ്യുന്നത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിച്ച വഞ്ചകരെയും അവസരവാദികളെയും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്.
അവര്‍ക്ക് മുന്നിലാണ് മതരാഷ്ട്രവാദികളുടെ കുപ്പായമിട്ട് യുഡിഎഫ് വോട്ടുതേടുന്നത്. നാടകം കളിച്ച് മനുഷ്യത്വമുള്ളവരെ സൃഷ്ടിച്ച നാട്ടില്‍ വര്‍ഗീയനാടകം വില പോവില്ലെന്നത് നിലമ്പൂരിന്റെ മഹിതമായ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ആ ചരിത്രത്തിന്റെ പ്രബുദ്ധ പ്രതീകമായ യുവപ്രതിഭയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്.
പ്രതിപക്ഷത്തിന്റെ ജനവിരുദ്ധതയ്ക്കും വര്‍ഗീയശക്തികളെ പാലൂട്ടി വളര്‍ത്തുന്ന അവരുടെ മനുഷ്യവിരുദ്ധ നിലപാടുകള്‍ക്കുംമേല്‍ എല്‍ഡിഎഫിന്റെ വികസന രാഷ്ട്രീയവും മനുഷ്യപക്ഷ നിലപാടുകളും നിലമ്പൂരില്‍ വെന്നിക്കൊടി പാറിക്കുമെന്നുറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

