അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു, 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഇ.ഡി, സി.ബി.ഐ കേസുകളില്‍ അറസ്റ്റിനും, ജാമ്യത്തിനും സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.

രാവിലെ കോടതി ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 5ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

സിപിഐഎം, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആര്‍ജെഡി, ജെഡിയു, ഭാരത് രാഷ്ട്ര സമിതി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, സിപിഐ, ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളാണ് ഇഡി, സിബിഐ അറസ്റ്റിനും ജാമ്യത്തിനും പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സുപ്രീകോടതി വ്യക്തത വരുത്തണമെന്ന ആവശ്യം ഉന്നിയിച്ചിരിക്കുന്നത്.

ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. മനീഷ് സിസോദിയയ്ക്ക് ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. ഇതേ കേസില്‍ ബിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവതിയെയും സിബിഐയും ഇഡിയും നിരന്തരം ചോദ്യം ചെയ്ത് വരികയാണ്. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഭൂമിക്ക് പകരം ജോലി കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ദില്ലിയിലെ വസതയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യാനുള്ള നീക്കം സിബിഐ നടത്തുന്നുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടയിലാണ് പ്രതിപക്ഷ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News