
ഇന്ത്യൻ ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരമുള്ള ഗവർണർമാരുടെ അധികാരങ്ങളെക്കുറിച്ച് രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിരാശാജനകമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. കേന്ദ്രത്തിൻ്റെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചതു മൂലം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളെ വിധി ഒരു തരത്തിലും തടയില്ല.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിൽ ഗവർണർമാർക്ക് വിവേചനാധികാരമുണ്ടെന്നും സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നുമുള്ള സുപ്രീം കോടതിയുടെ അഭിപ്രായം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയേ ഉള്ളൂ.
ഗവർണർ പുനഃപരിശോധനയ്ക്ക് അയച്ച ബിൽ സംസ്ഥാന നിയമസഭ രണ്ടാമതും അംഗീകരിച്ചാൽ അതിന് അംഗീകാരം നൽകാൻ ഗവർണർക്ക് ബാധ്യതയില്ല എന്ന നിർദ്ദേശം പിന്തിരിപ്പൻ വാദമാണ്. ഇത് വഴി ഗവർണർക്ക് ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യാനും അതുവഴി അനിശ്ചിതമായി വൈകിപ്പിക്കാനും സാധിക്കും.തീർപ്പാക്കാത്ത ബില്ലിന്മേൽ ഗവർണർ ദീർഘകാലം നടപടിയെടുക്കാതിരുന്നാൽ, പരിമിതമായ ജുഡീഷ്യൽ ഇന്റെർവെൻഷൻ (കോടതി ഇടപെടൽ) ഉണ്ടാകാം എന്നതാണ് ഇതിൽ ഏക ആശ്വാസം. എന്നാൽ, എന്താണ് ദീർഘകാലത്തെ നടപടിയില്ലായ്മ അല്ലെങ്കിൽ കാലതാമസം എന്നതിനൊരു നിർവചനം ഇല്ലാത്തതിനാൽ ഇതുകൊണ്ട് യാതൊരു ഗുണവുമില്ല. ഗവർണർമാരുടെ ഏകപക്ഷീയമായ പ്രവർത്തനത്തെക്കുറിച്ച് യാതൊരു വിധ ഭരണഘടനാപരമായ പരിശോധനയും സുപ്രീം കോടതി നടത്തിയ ഈ നിരീക്ഷണത്തിൽ ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

