കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം തിരികെ നല്‍കി മാതൃകയായി പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍

തിരുവല്ല ബൈപ്പാസിലെ ഫുട്പാത്തില്‍ നിന്നും കളഞ്ഞു കിട്ടിയ ഒരു പവന്‍ തൂക്കം വരുന്ന ബ്രേസ്ലെറ്റ് പൊലീസില്‍ ഏല്‍പ്പിച്ച് മാതൃക കാട്ടി പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. വെണ്ണിക്കുളം പോളിടെക്‌നിക്കിലെ രണ്ടാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ കണ്ണന്‍, മിഥുന്‍, ആദിത്യന്‍, ആരോണ്‍ എന്നിവരാണ് കളഞ്ഞു കിട്ടിയ സ്വര്‍ണം മടക്കി നല്‍കി മാതൃകയായത്.

സീതത്തോട് സ്വദേശിനിയും ഡി ഫാം വിദ്യാര്‍ഥിനിയുമായ ശ്രീവിദ്യയുടെ ബ്രേസ്ലെറ്റ് ആണ് തിരികെ ലഭിച്ചത്. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫുട്പാത്തില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബ്രേസ്ലെറ്റ് ലഭിച്ചത്. വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ ഇത് തിരുവല്ല പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പത്തനംതിട്ടയില്‍ എത്തിയ ശേഷമാണ് ബ്രേസ്ലെറ്റ് നഷ്ടമായ വിവരം ശ്രീവിദ്യ അറിഞ്ഞത്. തുടര്‍ന്ന് ബ്രേസ്ലെറ്റ് നഷ്ടമായ വിവരം തിരുവല്ലയിലെ സുഹൃത്തുക്കളെ അറിയിച്ചു.

ശ്രീവിദ്യ ബസ് കാത്തുനിന്ന ബസ്റ്റോപ്പിന് സമീപത്ത് സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് ബ്രേസ്ലെറ്റ് ലഭിച്ചതായും ഇത് തിരുവല്ല പോലീസില്‍ ഏല്‍പ്പിച്ചതായും വിവരം ലഭിച്ചു. തുടര്‍ന്ന് ശ്രീവിദ്യ പോലീസ് സ്റ്റേഷനില്‍ എത്തി ഡിവൈഎസ്പി അര്‍ഷാദില്‍ നിന്നും ബ്രേസ്ലെറ്റ് ഏറ്റുവാങ്ങി.

സി ഐ സുനില്‍ കൃഷ്ണ, എസ് ഐ മാരായ കവിരാജ് നിത്യ സത്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here