
ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന പഴികൾക്ക് കളിക്കളത്തിൽ മറുപടി നൽകി ക്രിസ്ത്യാനോ റൊണാൾഡോയും പോർച്ചുഗലും. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്‌ബെക്കിസ്ഥാനെതിരെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു = ഗോളുകൾക്ക് പറങ്കിപ്പട വിജയിച്ചു.
പോർച്ചുഗലിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത് ഇരട്ട ഗോളുകൾ നേടിയ ഇതിഹാസതാരം റൊണാൾഡോയാണ്. കളിയുടെ ആറാം മിനുട്ടിൽ സഹതാരം ക്യാൻസലോ നൽകിയ മികച്ച ക്രോസ്സ് വലയിലാക്കി വിമർശകരുടെ വായടപ്പിച്ച താരം 38ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ലോകകപ്പിലെ തന്റെ പത്താം ഗോൾ നേടി. ഇതോടെ ആറു വ്യത്യസ്ത ലോകകപ്പുകളിൽ ഗോളടിച്ച താരവും പോർച്ചുഗലിന്റെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമായി റൊണാൾഡോ മാറി.റൊണാൾഡോയുടെ ഈ രണ്ടു ഗോളുകൾക്കിടയിൽ 17 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് ഫ്രീ കിക്കിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടിയിരുന്നു.
Also Read:ചരിത്രം കുറിച്ച് റൊണാൾഡോ; ഉസ്‌ബെക്കിസ്ഥാനെതിരെ ആധിപത്യം ഉറപ്പിച്ച് പറങ്കിപ്പട
രണ്ടാം പകുതിയിലും പറങ്കിപ്പട ഉസ്‌ബെക്കിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. സമ്മർദ്ദം ഫലം കണ്ടത് 60ആം മിനുട്ടിലാണ്. പ്രതിരോധതാരം നിമാറ്റോവിന്റെ സെൽഫ് ഗോളിലൂടെ ഉസ്ബെക് താരം പോർച്ചുഗലിന് നാലാം ഗോൾ ദാനം ചെയ്തു. ഒടുവിൽ 87ആം മിനുട്ടിൽ റാഫേൽ ലിയയോ പറങ്കിപ്പടയുടെ അഞ്ചാം ഗോൾ സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

