
ആര്യാടൻ ഷൗക്കത്തിനെ പറ്റി മാധ്യമപ്രവർത്തകനായ അൻവർ പാലേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. രാഷ്ട്രീയക്കാരനെന്ന നിലയിൽ ഒരു വിഷയത്തിലും ശക്തവും സുദൃഢവുമായ നിലപാട് വ്യക്തമാക്കാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു പ്രതിഭയുടെ മിന്നലാട്ടം ഒരിടത്തും അദ്ദേഹത്തിൽ കണ്ടിട്ടില്ലെന്നും പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ കണ്ടിട്ടില്ലെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ആര്യാടൻ ഷൗക്കത്തിന് വ്യതിരിക്തമായ എന്തെങ്കിലും അടയാളപ്പെടുത്തൽ ഉള്ളതായി എനിക്കിതുവരെ തോന്നിയിട്ടില്ല. ടി.വി ചന്ദ്രൻ,സിദ്ധാർഥ് ശിവ,ജയരാജ് എന്നിവരുമായി ചേർന്ന് നാല് സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പണമുള്ളത് കൊണ്ട് ഈ നാല് സിനിമകളും നിർമിച്ചതിന് പുറമെ, ചിലപ്പോൾ കഥ, തിരക്കഥ, സംവിധായകൻ എന്നീ വേഷങ്ങൾ കയ്യാളിയിട്ടുണ്ട് എന്നതൊഴിച്ചാൽ മൗലിക പ്രതിഭയുള്ള ഒരു കലാകാരനായി അദ്ദേഹത്തിന്റെ ഒരു സിനിമയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.അതിനു മാത്രം സർഗാത്മകത ഒരിടത്തും അനുഭവപ്പെട്ടിട്ടുമില്ല.
രാഷ്ട്രീയക്കാരനെന്ന നിലയിൽ ഒരു വിഷയത്തിലും ശക്തവും സുദൃഢവുമായ നിലപാട് വ്യക്തമാക്കുന്ന ഒരു പ്രസംഗമോ എഴുത്തോ എവിടെയും കണ്ടിട്ടില്ല.പകരം,ആര്യാടൻ മുഹമ്മദ് എന്ന രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്റെ മാലിന്യം ചുമക്കുന്ന പിൻമുറക്കാരൻ എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സിനിമാ വ്യക്തിത്വം എന്ന് വേണ്ടുവോളം തോന്നിയിട്ടുമുണ്ട്.
ടി.വി ചന്ദ്രൻ….ജയരാജ്….സിദ്ധാർഥ് ശിവ എന്നീ സംവിധായകരുള്ളത് കൊണ്ടും പണമുള്ളത് കൊണ്ടുമാണ് അദ്ദേഹം നിർമിച്ച ചില സിനിമകളിൽ ചില ഹൃദയസ്പർശിയായ സീനുകളുണ്ടായത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.ഘോസ്റ്റ് റൈറ്റിങ് പോലെ ഘോസ്റ്റ് ഡയറക്ഷനുമുണ്ട് എന്ന് വിശ്വസിച്ചാലും ഒരു പ്രതിഭയുടെ മിന്നലാട്ടം ഒരിടത്തും ഇദ്ദേഹത്തിൽ കണ്ടിട്ടില്ല. രാഷ്ട്രീയത്തിലും അത് കണ്ടിട്ടില്ല.
അതുകൊണ്ട്,സ്വരാജിനെ പിന്തുണക്കാനാണ് ഇഷ്ടം. സ്വരാജിന്റെ നിലപാടുകളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ അത് മൗലികമാണ്. മൗലികമായതിനാൽ അതിനോടൊരു പ്രതിപത്തിയുണ്ട്. ഏറ്റവും ചുരുങ്ങിയത് അങ്ങനെയൊരു മൗലികതയെങ്കിലും വേണമെന്നാണ് എന്റെ നിലപാട്. നിലവിലെ ഇടതുപക്ഷ രാഷ്ട്രീയത്തോട് ഒട്ടും ഇഷ്ടമില്ലെങ്കിലും ജോൺ ബ്രിട്ടാസിനെ രാജ്യസഭയിലേക്കയച്ച ഇടതുപക്ഷ നിലപാടിനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നത് പോലെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

