മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

എറണാകുളം തൃപ്പൂണിത്തുറയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ് . മനോഹരന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ലെന്നും കണ്ടെത്തി. ഇതിനിടെ സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് എസ് ഐ ജിമ്മി ജോസിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അനേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ഇന്നലെ വൈകിട്ടാണ് വാഹന പരിശോധനയ്ക്കിടെ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇരുമ്പനം സ്വദേശി മനോഹരനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് സ്റ്റേഷനിലെത്തിച്ച മനോഹരന്‍ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാരുയര്‍ത്തുന്നത്. വാഹനം പിന്തുടര്‍ന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മര്‍ദിച്ചെന്നാണ് ദ്യക്‌സാക്ഷികള്‍ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.

ഇതിനിടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. മനോഹരന്റ മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മനോഹരന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായി. വിശദമായ അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി യെ ചുമതലപ്പെടുത്തി. മരണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൂടി ഉത്തരവാദികളാണെന്ന് കാട്ടി കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, വിവിധ രാഷ്ട്രിയ സംഘടനകള്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News