മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ്, ഡോ.വന്ദനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ  കൊല്ലപ്പെട്ട ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആ‍ഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ നാലെണ്ണം ആ‍ഴത്തിലുള്ളതാണ്. കൂടുതല്‍ കുത്തുകളേറ്റത് മുതുകിലാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട് കൈമാറി.

അതേസമയം  കൊലപ്പെടുത്തിയ പ്രതി സന്ദീപിന്  മാനസിക പ്രശ്‌നങ്ങളില്ലെന്ന്  പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രതി അക്രമം നടത്തിയത് ഭയം മൂലമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാരുടെ സംഘം പൂജപ്പുര ജയിലില്‍ എത്തി പ്രതി സന്ദീപിനെ പരിശോധിച്ചത്. പുരുഷ ഡോക്ടറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായാണ് വിവരം.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം സ്വദേശിനിയും ഹൗസ് സര്‍ജന്‍ വിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കി പരുക്കേല്‍ക്കുകയും വൈദ്യപരിശോധനയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത കുടവട്ടൂര്‍ സ്വദേശിയായ സന്ദീപാണ് അക്രമം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ഡോക്ടര്‍ വന്ദന ഉള്‍പ്പെടെ അഞ്ച് പോരെ ആക്രമിക്കുകയായിരുന്നു. വന്ദനയുടെ തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ മോശമായതോടെ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.30 ഓടെ വന്ദനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News