കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുന്നുവെന്ന് പി ആര്‍ അരവിന്ദാക്ഷന്‍

കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുകയാണെന്ന് പി ആര്‍ അരവിന്ദാക്ഷന്‍. ജാമ്യാപേക്ഷയില്‍, കലൂര്‍ പി എം എല്‍ എ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അരവിന്ദാക്ഷന്റെ അഭിഭാഷകന്‍ ആരോപണം ഉന്നയിച്ചത്. കേസില്‍ ഇ ഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു. അതേസമയം അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയെ ഇ ഡി എതിര്‍ത്തു. ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ വാദം തുടരും.

അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് എത്തിയെന്ന് ആരോപിക്കുന്ന പണം, തട്ടിപ്പിന്റെ ഭാഗമായ തുകയാണെന്നതിന് എന്താണ് തെളിവെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നേരത്തെ നടത്തിയ ഫോണ്‍ സംഭാഷണം തട്ടിപ്പിനെക്കുറിച്ചാണ് എന്നാരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു.

READ ALSO:കേരളം : ഇന്നലെ.. ഇന്ന്.. നാളെ.. പ്രാദേശിക ജനതക്ക് കൈത്താങ്ങായി ഉത്തരവാദിത്ത ടൂറിസം

തന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ ബിനാമി നിക്ഷേപമുണ്ടെന്നാരോപിച്ച് മറ്റൊരാളുടെ ബാങ്ക് വിവരങ്ങള്‍ കാണിച്ച് വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിച്ചു. ചോദ്യം ചെയ്യലിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിക്കണമെന്നും
ഈ കേസില്‍ ഇ ഡി യ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും അരവിന്ദാക്ഷനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇ ഡി അരവിന്ദാക്ഷനെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കി.

അരവിന്ദാക്ഷന്റെ കരുവന്നൂര്‍ ബാങ്കിലെ അക്കൗണ്ടില്‍ 50 ലക്ഷത്തിന്റെ ഇടപാട് നടന്നതിന് തെളിവുണ്ട്. കൂടാതെ 2014നും 22നും ഇടയില്‍ പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ട് വഴി 1.02 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇ ഡി ആരോപിച്ചു. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി അന്വേഷണവുമായി സഹകരിച്ചില്ലെന്നും ബാങ്ക് സെക്രട്ടറി ഇ ഡിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇ ഡി അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ച്ചത്തേക്കു മാറ്റി.

READ ALSO:ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News