
അന്താരാഷ്ട്ര തലത്തിൽ ഉയർന്ന് വരുന്ന വലതുപക്ഷ സാമ്രാജ്യത്വ ശക്തികളുടെ വളർച്ചയെക്കുറിച്ച് വിശകലനം ചെയ്തു സംസാരിക്കുകയായിരുന്നു സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയാണ് കാരാട്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അതേസമയം ലാറ്റിൻ അമേരിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഇടതുപക്ഷ ശക്തികൾ കൈവരിച്ച പ്രതിരോധങ്ങളും വിജയങ്ങളും ആശാവഹമാണെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.മഹാരാഷ്ട്രയിലെ പർഭണിയിലെ സെലുവിൽ ആരംഭിച്ച 24-ാമത് സി.പി.ഐ.(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നേതൃത്വത്തിലുള്ള ആർ.എസ്.എസ്-ബി.ജെ.പി ഭരണകൂടത്തിന്റെ വർഗീയ നവ-ഫാസിസ്റ്റ്, കോർപ്പറേറ്റ് അനുകൂല സ്വഭാവത്തെയും പ്രകാശ് കാരാട്ട് നിശിതമായി വിമർശിച്ചു. സി.പി.ഐ.(എം) രാജ്യത്ത് നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് വിശദീകരിച്ച കാരാട്ട് ഇടതുപക്ഷം സ്വതന്ത്ര ശക്തിയായി വളരുകയും എല്ലാ മതനിരപേക്ഷ ശക്തികളുമായും ഐക്യപ്പെടുകയും വേണമെന്ന് ആഹ്വാനം ചെയ്തു.
സി.പി.ഐ.(എം) മഹാരാഷ്ട്രയുടെ 24-ാമത് സംസ്ഥാന സമ്മേളനത്തിന് മുതിർന്ന നേതാക്കളായ നരസയ്യ ആദം, ഉദയൻ ശർമ്മ, ദത്ത മാനെ, ശിവഗൊണ്ടാ ഖോട്ട് എന്നിവർ പാർട്ടി പതാക ഉയർത്തി തുടക്കമിട്ടു. സി.പി.ഐ.(എം) കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ നിലോത്പാൽ ബാസു, ഡോ. അശോക് ധാവളെ കൂടാതെ മറ്റ് പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സോളാപൂരിലെ പ്രജാ നാട്യ മണ്ടലി കലാസംഘം വിപ്ലവഗാനങ്ങൾ അവതരിപ്പിച്ചു.
സി.പി.ഐ.(എം) പർഭണി ജില്ലാ സെക്രട്ടറി ഉദ്ധവ് പോൾ, സെലു, പർഭണി മറാഠ്വാഡ മേഖലയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രം വിശദീകരിച്ചു. “കമ്മ്യൂണിസ്റ്റുകൾ നിർദ്ദേശിക്കുന്ന സ്വാതന്ത്ര്യം മനുഷ്യ സ്വാതന്ത്ര്യമാണ്. പാർട്ടിയുടെ പോരാട്ടം ഗാസ മുതൽ പർഭണി വരെ വ്യാപിച്ചിരിക്കുന്നു” സംസ്ഥാന സെക്രട്ടറി ഡോ. ഉദയ് നർക്കർ പറഞ്ഞു.
പർഭണിയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സോമനാഥ് സൂര്യവംശി, ബീഡിലെ മസാജോഗ് ഗ്രാമ സർപ്പഞ്ച് സന്തോഷ് ദേശ്‌മുഖ് എന്നിവരുടെ വധത്തെ നർക്കർ ശക്തമായി അപലപിച്ചു. സമ്മേളന സ്വീകരണ സമിതിയുടെ പ്രവർത്തക പ്രസിഡൻറ് രാമകൃഷ്ണ ഷേറേ നന്ദി പ്രകാശിപ്പിച്ചു. സി പി ഐ എം സൗത്ത് താലൂക്ക് കമ്മിറ്റി പ്രതിനിധികളായ പി കെ ലാലി, ടി വി രതീഷ് അടക്കം നിരവധി മലയാളി പാർട്ടി പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

