ഇടുക്കി ജില്ലയിലെ ഡാമുകളിലെ മഴക്കാല മുന്നൊരുക്ക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

ഇടുക്കി ജില്ലയിലെ ഡാമുകളിലെ മഴക്കാല മുന്നൊരുക്ക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഷട്ടറുകള്‍, ഡാമിന്റെ റിസര്‍വോയറുകള്‍, മുന്നറിയിപ്പ് സൈറണുകള്‍ തുടങ്ങിയവ സജ്ജമാണോ എന്നുള്ള പരിശോധനകളും പുരോഗമിക്കുകയാണ്. ഡാം സേഫ്റ്റി വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പായി ഡാമുകള്‍ പൂര്‍ണ്ണ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പണികള്‍ നടത്തുന്നത്. കല്ലാര്‍, ഇരട്ടയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്, വടക്കേപുഴ, നാരകകാനം, അഴുത, വഴിക്കടവ്, കുട്ടിയാര്‍ ഡാമുകളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. ഇരട്ടയാര്‍ ഡാമിലെ അറ്റകുറ്റപ്പണി കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഡാമിന്റെ ഷട്ടറുകള്‍, വൈദ്യുതി ബന്ധം എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തി. ചെറുതോണി, കല്ലാര്‍ ഡാമുകളിലാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് ഉയര്‍ത്തി

വരും ദിവസങ്ങളില്‍ ബാക്കിയുള്ള ഡാമുകളില്‍ ആറ്റകുറ്റപണി നടത്തുമെന്നും, ഡാമുകള്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുമെന്നും ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു. ലെയ്ന്‍ ചെറിയാന്‍, ഡാം സേഫ്റ്റി ഡിവിഷന്‍ ഇടുക്കി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ്.

നിലവില്‍ വേനല്‍ മഴ ലഭിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് നേരിയതോതില്‍ ഉയരുന്നുണ്ട്. ഇതിനാല്‍ തന്നെ വൈദ്യുത ഉല്‍പാദനത്തില്‍ ആശങ്കകള്‍ നിലവില്‍ ഇല്ലെന്നും ഡാം സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുക്കി ഡാമില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയരുകയാണ്. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 2331.64 കനയടി ജലമാണ് ഇടുക്കി ഡാമില്‍ ഉള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here