സ്ത്രീധന പീഡനം: 7 മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; മൃതദേഹം ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കള്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് ഗര്‍ഭിണി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൃതദേഹം ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അണ്ണവാസന്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ഇവരുടെ ബന്ധു സെല്‍വരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.

15 പവന്‍ സ്വര്‍ണം സ്ത്രീധനം വാങ്ങി, പുതുക്കോട്ട ജില്ലയിലെ മേട്ടുകുളം സ്വദേശിയായ അരവിന്ദന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സമീപ ഗ്രാമത്തിലുള്ള നാഗേശ്വരിയെ (22) വിവാഹം ചെയ്തത്. യുവതി ഗര്‍ഭിണി ആയതോടെ സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവതിയുമായി ഇയാള്‍ വഴക്ക് പതിവാക്കുകയായിരുന്നു.

അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും ഇവര്‍ക്കൊപ്പം താമസിക്കുന്ന സെല്‍വരാജ് എന്ന ബന്ധുവും യുവതിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കിടുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു.

വഴക്കിനെ തുടര്‍ന്ന് പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭര്‍ത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടുപോവുന്നതായിരുന്നു. ആ സാഹചര്യത്തിലാണ് യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദന്‍ അറിയിച്ചത്.

മാതാപിതാക്കള്‍ ഉടന്‍ എത്തിയെങ്കിലും, കിരാനൂര്‍ ആശുപത്രിയില്‍ എത്തിച്ച നാഗേശ്വരി പിന്നീട് മരണപ്പെടുകയായിരുന്നു. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെയും വയറ്റില്‍നിന്നു പുറത്തെടുത്ത ഏഴുമാസം വളര്‍ച്ചയെത്തിയ നവജാത ശിശുവിന്റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു.

തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ആദ്യം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുക്കോട്ട മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like