പ്രായപരിധിയെ ചൊല്ലി തർക്കം; കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റിനെതിരെ കലാപം

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റിനെതിരെ കലാപം. സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധിയെ ചൊല്ലിയാണ് നിലവിലെ പ്രശ്നം. പ്രായപരിധി കഴിഞ്ഞവരെ ഒഴിവാക്കണമെന്ന തീരുമാനം പ്രസിഡന്റ് തന്നെ അട്ടിമറിച്ചു എന്ന് നേതാക്കൾ. യോഗ മിനിറ്റ്സിന്റെ പകർപ്പും വാട്സാപ്പ് ഗ്രൂപ്പ് ചാറ്റും കൈരളി ന്യൂസിന്.

കെഎസ്‌യുവിലെ സംസ്ഥാന നേതാക്കളുടെ പ്രായപരിധി നിശ്ചയിച്ച തീരുമാനം അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നേതാക്കൾ തന്നെ കലാപക്കൊടി ഉയർത്തിയിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വിവാഹതരെയും പ്രായപരിധി കഴിഞ്ഞവരെയും ഒഴിവാക്കാൻ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനമാണ് മൂന്ന് മാസമായിട്ടും നടപ്പാക്കാൻ സാധിക്കാതിരുന്നത്. ഇതിന് പ്രകാരം അയോഗ്യത നിലനിൽക്കുന്ന 10 പേരിൽ നിന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ തന്നെ രാജി എഴുതി വാങ്ങിയിരുന്നു. എന്നാൽ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന പ്രസിഡന്റ് അയോഗ്യതയുള്ള രണ്ട് പേരെയും ഇപ്പോഴും കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്താൻ തയ്യാറായിട്ടില്ല. ഇതാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.

Also Read: എറണാകുളത്തെ ലേബർ ക്യാമ്പുകളിൽ വൻ ലഹരിവേട്ട

കെപിസിസി പ്രസിഡന്റിന്റെ നോമിനിയായ കണ്ണൻ, കെ സി വേണുഗോപാലിന്റെ നോമിനിയായ മാഹീൻ എന്നിവരാണ് പ്രായപരിധി കഴിഞ്ഞിട്ടും ഇപ്പോഴും കമ്മിറ്റിയിൽ തുടരുന്നത്. ഇത് ചോദ്യം ചെയ്താണ് കമ്മിറ്റിയിൽ നിന്ന് പുറത്തുപോയവർ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ കെഎസ്‌യുവിൽ പ്രായപരിധി നിലവിൽ ബാധകമല്ലെന്ന് കെഎസ്‌യു നേതാക്കൾക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട പുകച്ചിലിനിടെയാണ് പുനഃസംഘടനാ നിർദ്ദേശങ്ങൾ ദേശീയ നേതൃത്വം നൽകിയത്. ഇതിലും പ്രായപരിധി കർശനമാക്കിയിട്ടുണ്ട്. പ്രവർത്തകരുടെ വികാരം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം.

പ്രായം ഉറപ്പാക്കാൻ ആധാർ കാർഡ് ഒ.ടി.പി വെരിഫിക്കേഷനാണ് തെളിവായി വെച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങളായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. എന്നാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മറു വിഭാഗം നേതാക്കൾ.

Also Read: ആലുവ, പെരുമ്പാവൂർ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News