ക്രൈസ്തവർക്കെതിരായ ആക്രമണം, ആശങ്കയറിയിച്ച് രാഷ്‌ട്രപതി

രാജ്യത്ത് ക്രിസ്ത്യൻ മതവിഭാഗത്തിനെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്നതയായുള്ള റിപ്പോർട്ടുകളിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.

രാഷ്ട്രപതി ഭവനിലെത്തിയാണ് പുരോഹിതരടക്കമുള്ള ക്രൈസ്തവ സഭാ പ്രതിനിധികൾ രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ദില്ലി അതിരൂപതാ ആർച്ച് ബിഷപ്പ് അനിൽ ജെ ടി കൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ഉത്തർ പ്രദേശ് , ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിലടക്കം ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി സേക്രട്ട് ഹേർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു. ക്രിസ്മസിന് രാഷ്ട്രപതിയും ഇതേ ദേവാലയത്തിൽ സന്ദർശനം നടത്തിയിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ സന്ദർശനങ്ങൾ.

അതേസമയം തന്നെ സന്ദർശിച്ച സംഘത്തിന്റെ പരാതികളിൽ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകി. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പ് നൽകുമെന്നും രാഷ്ട്രപതി സംഘത്തെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News