ഇക്വഡോറിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ തെരുവിൽ വെടിവെച്ചു കൊന്നു; വെടിവെച്ചത് മുപ്പതിലേറെ തവണ

ഇക്വഡോറിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ തെരുവിൽ വെടിവെച്ചു കൊന്നു. കോയലേഷൻ മൂവ്മെൻ്റിൻ്റെ ഫെർണാണ്ടോ വിലാവിസൻസിയോ ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

Also Read: രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം: എം എ ബേബി

തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ഫെർണാണ്ടോ വിലാവിസൻസിയോ കാറിലേക്ക് കയറവേ ആണ് വെടിവെപ്പ് ഉണ്ടായത്. മുപ്പതിലേറെ തവണ വെടിവച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. തലയ്ക്ക് വെടിയേറ്റ ഫെർണാണ്ടോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു പൊലീസുകാരന് കൂടി സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. ആൾക്കൂട്ടത്തിനു നേരെ അക്രമി ഗ്രനേഡ് എറിഞ്ഞുവെങ്കിലും ബോംബ് പൊട്ടിയില്ല. പൊലീസുമായുള്ള വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇക്വഡോർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എട്ട് പ്രസിഡൻ്റ് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു മുൻ പാർലമെൻറ് അംഗവും മാധ്യമപ്രവർത്തകനുമായിരുന്ന ഫെർണാണ്ടോ വിലാവിസൻസിയോ. കോയലേഷൻ മൂവ്മെൻ്റിൻ്റെ സ്ഥാനാർത്ഥിയായിരുന്ന ഫെർണാണ്ടോയ്ക്ക് സർവേ ഫലങ്ങൾ ഏഴര ശതമാനം വരെ വോട്ട് പ്രതീക്ഷിച്ചിരുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ പ്രചരണം കൊയലേഷൻ മൂവ്മെൻ്റും ഫെർണാണ്ടോയും അണിനിരത്തിയിരുന്നതിനാൽ അവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ലോസ് ലോബോസ് എന്ന സംഘം കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ആക്രമണത്തിലൂടെ നടന്നതെന്ന് പ്രസിഡൻ്റ് ഗിലാർമോ ലാസോ പ്രതികരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ദുഃഖാചരണവും സുരക്ഷ ഉറപ്പ് വരുത്താൻ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. പക്ഷേ നേരത്തെ തീരുമാനിച്ച പ്രകാരം ഓഗസ്റ്റ് 20ന് തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. മയക്കുമരുന്ന് മാഫിയ ഇക്വഡോറിലെ തെരുവുകൾ കീഴടക്കുന്നതിൽ ഗിലർമോ ലാസോ സർക്കാരിന് നേരെ വിമർശനം കടുക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് കൂടി നടക്കുന്നത്. മാഫിയാ സംഘം ജയിലുകളിലും കലാപം സൃഷ്ടിക്കുകയാണ്. സുരക്ഷ, തൊഴിലില്ലായ്മ, പ്രവാസി വിഷയങ്ങൾ, അഴിമതി തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് വിവിധ മുന്നണികൾ.

Also Read: ഓണക്കാലത്തിന് മുന്‍പായി കെ എം എം എല്ലിന്റെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here