
2024-2025 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സാമ്പത്തിക വർഷത്തിന്റെ അവസാനം അടുക്കുമ്പോൾ പതിവ് തെറ്റിക്കാതെ വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ പ്രിയ ബ്രാൻഡായ മാരുതി സുസുക്കി തന്നെയാണ് ഇതിന് ആരംഭം കുറിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെയാണ് മാരുതി സുസുക്കി 2025 ഏപ്രില്‍ മുതല്‍ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. ഇത്തവണ വില വര്‍ധന 4% വരെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ എക്‌സ്-ഷോറൂം വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയാണ്. പരമാവധി വില വര്‍ധനവ് അതായത് 4 ശതമാനം വില കൂടിയാല്‍ ഈ കാറിന് 16,920 മുതല്‍ 24,840 രൂപ വരെ അധികം മുടക്കേണ്ടി വരും.
ALSO READ;പുതിയ അവതാരങ്ങളെ ഇന്ത്യൻ വിപണി വിപണിയിലിറക്കാൻ നിസാൻ; എത്തുന്നത് എംപിവിയും എസ് യു വിയും
മാരുതിയുടെ മറ്റൊരു കുഞ്ഞന്‍ കാര്‍ ആണ് എസ്‌പ്രെസോ. ഈ കാറിന്റെ നിലവിലെ വില 4.27 ലക്ഷം മുതല്‍ 6.12 ലക്ഷം വരെയാണ്. ഈ കാറിന് 17,080 മുതല്‍ 24,480 രൂപ വരെ ഉയർന്നേക്കും. സെലേറിയോയുടെ എക്‌സ്-ഷോറൂം വില നിലവില്‍ 5.37 ലക്ഷം മുതല്‍ 7.10 ലക്ഷം വരെയാണ്. ഇനി മുതൽ 21,480 മുതല്‍ 28,400 രൂപ വരെ അധികം മുടക്കേണ്ടി വരും. മാരുതിയുടെ വാന്‍ മോഡലായ എക്കോയുടെ വിലയില്‍ 21,760 മുതല്‍ 27,640 രൂപ വരെ വർധനവ് വന്നേക്കാം.
മറ്റൊരു ജനപ്രിയ മോഡലായ വാഗൺ ആറിനും വില ഉയരും. പുതിയ വാഗണ്‍ആര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ 22,600 മുതല്‍ 29,920 വരെ അധികം കൈയ്യില്‍ കരുതേണ്ടി വരും പുതിയ വിലകള്‍ 5.8 ലക്ഷം മുതല്‍ 7.7 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതിയുടെ കുഞ്ഞൻ മോഡൽ ഇഗ്നിസിന്‍റെ വിലയില്‍ ഏകദേശം 23,400 രൂപ മുതല്‍ 32,480 രൂപ വരെ വര്‍ധനവ് വരുത്തും. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ നിലവിലെ വില പരിധി 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം വരെയാണ്. എക്‌സ്-ഷോറൂം വിലയില്‍ സമാനമായ 4 ശതമാനം വര്‍ദ്ധനവിന്റെ ഫലമായി ഏകദേശം 26,800 മുതല്‍ 39,680 രൂപ വരെ അധിക നല്‍കേണ്ടിവരും. ഇതോടെ വില 10 ലക്ഷം കടക്കും.
മാരുതി പുറത്തിറക്കുന്ന മിഡ്‌സൈസ് സെഡാനാണ് സിയാസ്. ഈ കാര്‍ ഉടന്‍ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ കാര്‍ വാങ്ങാന്‍ സാധിക്കുന്ന അവസാന അവസരമായിരിക്കും വരുന്നത്. സിയാസിന്റെ വില 37000 മുതൽ 49000 വരെ വർധിച്ചേക്കാം. ഏപ്രില്‍ 1 മുതല്‍ മാരുതിയുടെ ഇന്നോവ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഏകദേശം 26,53,000 രൂപ മുതല്‍ 30,38,000 രൂപ വരെ കൈയ്യില്‍ കരുതേണ്ടി വരും. മുകളില്‍ പറഞ്ഞത് എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ്. ഒരു കാര്‍ നിരത്തിലെത്തിക്കാന്‍ ഇതില്‍ കൂടുതല്‍ മുടക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here