സുഡാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം

ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്‍മാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ഇന്ത്യ. നാലായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സിപിവി & ഐഒഎ സെക്രട്ടറി ഔസാഫ് സെയ്ദ്, ഗള്‍ഫ് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഒഴിപ്പിക്കലിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സുഡാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി അനുദിനം നിരീക്ഷിക്കാനും ജാഗ്രതയോടെ ഇരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. സുഡാന്റെ അയല്‍രാജ്യങ്ങളുമായി അടുത്ത ആശയവിനിമയം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധ തൊഴിലാളികളുമടക്കം നിരവധി മലയാളികള്‍ സുഡാനിലുണ്ട്. അവരില്‍ പലര്‍ക്കും ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും വൈദ്യുതിയും ലഭ്യമല്ലാത്ത സാഹചര്യമാണ്. കേരളീയരായ പലരും സുഡാനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ സുഡാനില്‍ വെടിയേറ്റ് മരിച്ചിരുന്നു. സുഡാനില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ജനല്‍ വഴിയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്നായിരുന്നു റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു.

സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സുഡാനില്‍ ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ലോകാരോഗ്യ സംഘടനയാണ് വെള്ളിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel