
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവം കൂടിക്കാഴ്ചയിൽ ചർച്ചയാകുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ആയുധ, ആണവ റിയാക്ടര്‍ വ്യാപാര കരാറുകളിൽ ഒപ്പുവെച്ച് അമേരിക്കയോട് കൂടുതല്‍ വിധേയത്വം കാണിക്കുമോയെന്നതും ശ്രദ്ധേയമാണ്.
ഫ്രാൻസുമായി ആധുനിക ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ താല്പര്യ പത്രത്തിൽ ഒപ്പിട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയത്. സ്വകാര്യ വിദേശ ആണവ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. യുഎസ് സന്ദർശനത്തിൽ ആയുധ , ആണവ റിയാക്ടറുമായി ബന്ധപ്പെട്ട വ്യാപാര കരാറുകളിൽ ഒപ്പുവെച്ച് അമേരിക്കയോട് കൂടുതല്‍ വിധേയത്വം നരേന്ദ്രമോദി കാണിക്കുമോ എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവവും ഉറ്റ സുഹൃത്തെന്ന് അവകാശപ്പെടുന്ന ട്രംപുമായുളള സംഭാഷണത്തില്‍ മോദി ഉയര്‍ത്തുമോയെന്നതും ഉറ്റുനോക്കുന്നു. ഇനിയും നിരവധി പേരെ നാടുകടത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചിരുന്നു. ട്രംപ് വീണ്ടും അധികാരമേറ്റശേഷം ആഗോളതലത്തില്‍ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കാണ് അധിക തീരുവ ഏര്‍പ്പെടുത്തിയത്. നിലവില്‍ അമേരിക്ക ഇതുവരെ ഇന്ത്യയ്ക്കെതിരെ ഒരു താരിഫും ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രധാന വ്യാപാര പങ്കാളിയെന്ന നിലയില്‍ അമേരിക്കയുടെ നിലപാട് ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here