‘ഞങ്ങളുടെ മന്‍ കീ ബാത്ത് കൂടി കേള്‍ക്കണം’; പ്രധാനമന്ത്രിയോട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍

തങ്ങളുടെ മന്‍ കീ ബാത്ത് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി കേള്‍ക്കാന്‍ തയ്യാറാകണമെന്ന് ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്നും ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

‘ബേട്ടി ബച്ചാവോ’, ‘ബേട്ടി പഠാവോ’ എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി സംസാരിക്കുന്നു. എല്ലാവരുടെയും ‘ മന്‍ കീ ബാത്ത് ‘ കേള്‍ക്കുന്നു. പക്ഷേ അദ്ദേഹത്തിന് ഞങ്ങളുടെ’മന്‍ കി ബാത്ത്’ മാത്രം കേള്‍ക്കാന്‍ കഴിയുന്നില്ല. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുമ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും ബഹുമാനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇനി ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേള്‍ക്കണം’. സമരം ചെയ്യുന്ന ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.

ബിജെപി എംപിയും റസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരം കൂടുതല്‍ ദേശീയ ശ്രദ്ധ നേടുകയാണ്. ഇടത് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്. ബ്രിജ്ഭൂഷണിനെതിരായ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമരം തുടരുമെന്നുമാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിച്ചതിനെത്തുടര്‍ന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും സമരമാരംഭിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആറംഗ മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ കായിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here