അദാനിയുടെ പേര് പറയുമ്പോൾ ബിജെപിക്ക് എന്തിനാണിത്ര ഭയം? പ്രിയങ്കാ ഗാന്ധി

അദാനിയുടെ പേര് പറയുമ്പോൾ ബിജെപി എന്തിനാണിത്ര ഭയപ്പെടുന്നതെന്ന് പ്രിയങ്കാ ഗാന്ധി. അദാനിയുടെ ഷെൽ കമ്പനികളിൽ കോടികൾ നിക്ഷേപിച്ചത് ആരാണെന്ന് ചോദിച്ച പ്രിയങ്ക രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നും ആരോപിച്ചു. മുഴുവൻ സർക്കാർ സംവിധാനങ്ങളും അദാനിയെ സംരക്ഷിക്കാൻ പ്രയത്നിക്കുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു. രാഹുലിന് വേണ്ടി സംസാരിച്ച എല്ലാ പാർട്ടികൾക്കും നന്ദിയെന്നും പ്രതിപക്ഷം ഒരുമിക്കണമെന്നും രാജ്ഘട്ടിൽ നടക്കുന്ന കോൺഗ്രസിന്റെ സത്യാഗ്രഹ സമരത്തിൽ പ്രിയങ്ക പറഞ്ഞു.

മല്ലികാർജുന ഖാർഗെ, കെ.സി വേണുഗോപാൽ എന്നിവർ പങ്കെടുത്ത സത്യാഗ്രഹത്തിൽ രാഹുലിന് തുറന്ന പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു. കന്യാകുമാരി തൊട്ട് കശ്മീർ വരെ നടന്ന മനുഷ്യനെയാണ് ഭയപ്പെടുത്താൻ നോക്കുന്നത് എന്ന് പറഞ്ഞ ഖാർഗെ രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

രാജ്യത്തെ ജനാധിപത്യവും, സ്വാതന്ത്ര്യവും, ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാൻ വലിയ ത്യാഗമാണ് രാഹുൽ ചെയ്തത്. കർണാടകത്തിലെ കോലാറിൽ നടന്ന പ്രസംഗത്തിനാണ് സൂറത്തിൽ കേസെടുത്തത്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുലിന്റെ പോരാട്ടം. പാർട്ടി ഒറ്റക്കെട്ടായി രാഹുലിന്റെ കൂടെ നിൽക്കുമെന്നും ഭയപ്പെട്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും ഖാർഗെ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here