
അയർലൻഡും ഖത്തറും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ അയർലൻഡും ഇസ്രയേലും തമ്മിലുള്ള സൗഹൃദ മത്സരത്തെ പറ്റി ചോദ്യങ്ങൾ ഉയരുന്നു. അയർലൻഡ് ദേശീയ ടീം സെപ്റ്റംബറിലും ഒക്ടോബറിലും ഇസ്രയേലിനെതിരെ നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കാനിരിക്കെ മത്സരങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം അയർലൻഡിൽ ശക്തമായി ഉയരുകയാണ്.
ഗാസയിലെ അധിനിവേശവുമായ് ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായതിനാൽ മത്സരങ്ങൾ റദ്ദാക്കണമെന്ന് ആരാധകരും ചില രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഖത്തറിനെതിരായ മത്സരത്തിനിടെ പ്രതിഷേധക്കാർ പലസ്തീൻ പതാക പതിപ്പിച്ച ടെന്നീസ് പന്തുകൾ മൈതാനത്തേക്ക് എറിഞ്ഞതിനെ തുടർന്ന് കളി രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നിരുന്നു.
Also Read: ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
ഇസ്രായേൽ നേരിട്ട് കളിയ്ക്കാൻ എത്തുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുമെന്ന് ആശങ്ക വ്യാപിക്കുന്നുണ്ട്. എതിർപ്പുകൾക്കിടയിലും നിശ്ചയിച്ച മത്സരങ്ങൾ നടക്കുമെന്ന് ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ പറയുന്നുണ്ടെങ്കിലും മൈതാനങ്ങളിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. അയർലൻഡ് ഫുട്ബോൾ അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളും ഇസ്രയേലിനെ യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ചതായും ഇതിനിടയിൽ റിപോർട്ടുകൾ വന്നു കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

