
സിനിമാ നിർമാണത്തിലെ കണക്ക് പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരി മാസത്തെ കണക്കാണ് പുറത്തുവിട്ടത്. സിനിമാ നിർമ്മാണത്തിനായി ചിലവിട്ടത് 75 കോടിയിലധികം രൂപയാണെന്നും എന്നാൽ ലഭിച്ചത് വെറും 23 കോടി 55 ലക്ഷം രൂപ മാത്രമാണെന്നുമാണ് കണക്കിൽ പറയുന്നത്.
ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 16 സിനിമകളുടെ ബജറ്റും കളക്ഷൻ തുകയും അടങ്ങിയ വിവരങ്ങളാണ് പ്രെഡ്യുസേഴ്സ് അസോസിയേഷൻ പുറത്തു വിട്ടത്. ഒരു സിനിമക്ക് പോലും ചെലവാക്കിയ തുക തീയറ്ററിൽ നിന്നും തിരിച്ച് കിട്ടിയിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 16 സിനിമകളുടെ ആകെ മുടക്ക് 75 കോടി 23 ലക്ഷമാണ് , ഇതിൽ ആകെ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടി 55 ലക്ഷവും.
ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്ക് തീയറ്ററിൽ നിന്നുണ്ടായത്. ഒരു കോടി 60 ലക്ഷം മുടക്കി നിർമ്മിച്ച ലൗ ഡെയ്ൽ എന്ന ചിത്രത്തിന് തീയറ്ററുകളിൽ നിന്ന് ആകെ ലഭിച്ചത് 10,000 രൂപ മാത്രമാണ്. മുടക്കുമുതലിന് അടുത്തെത്താൻ സാധിച്ചത് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മാത്രം. 13 കോടിയാണ് ചിത്രത്തിൻ്റെ മുടക്ക് മുതൽ. ഇതുവരെ 11 കോടി ലഭിച്ചു. സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്ന നിർമ്മാതാക്കളുടെ വാദം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. താരങ്ങൾ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തിന് പിന്നാലെയാണ് നിർമ്മാതാക്കൾ കണക്കുകൾ പുറത്ത് വിടുന്നത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here