പ്രൊഫ. എ സുധാകരൻ പുരസ്കാരം കെ ആർ മീരയ്ക്ക്

kr meera

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രൊഫ. എ. സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രൊഫ. എ. സുധാകരൻ പുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീര അർഹയായി. സമകാലിക സാഹിത്യത്തിൽ അടിയുറച്ച രാഷ്ട്രീയ ബോധ്യങ്ങളോടുകൂടി എഴുതുകയും പുരോഗമനപരമായ മൂല്യങ്ങൾ നിരന്തരം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എഴുത്തുകാരി എന്ന നിലയിൽ കെ ആർ മീര നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണ്. പതിനായിരം രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. പുകസ ജില്ലാ സെക്രട്ടറി എസ് രാഹുൽ കൺവീനറും അശോകൻ ചരുവിൽ, ആർ പാർവതി ദേവി, ആർ ഗിരീഷ് കുമാർ, ശ്രീവരാഹം മുരളി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കെ ആർ മീരയുടെ സംഭാവനകളുടെ പ്രാധാന്യവും സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കവും കണക്കിലെടുത്താണ് ഇക്കൊല്ലത്തെ എ. സുധാകരൻ പുരസ്ക്കാരത്തിന് അർഹയായിരിക്കുന്നത്. ലിംഗനീതിയെ കുറിച്ചുള്ള മലയാളിയുടെ ബോധ്യങ്ങളെ ഉടച്ചുവാർക്കുന്നതിന് കെ ആർ മീരയുടെ എഴുത്തുകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ച കെ ആർ മീര തീക്ഷ്ണമായ കഥാപാത്രങ്ങളിലൂടെ വായനക്കാരെ പുതിയ അന്വേഷണങ്ങളിലേക്കും അനുഭവലോകങ്ങളിലേക്കും എത്തിച്ചു. സമൂഹത്തിൽ ഉയർന്നുവരുന്ന വർഗീയമായ വിദ്വേഷപ്രചാരണങ്ങൾക്കെതിരെ എഴുത്തുകളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും നിരന്തരമായ പോരാട്ടത്തിന് കെ ആർ മീര മുൻപന്തിയിലുണ്ട്.

Also read:കേന്ദ്രം സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്നു: പിണറായി വിജയൻ

എ.കെ.ജി.സി.ടി.യുടെ പ്രത്യേക പുരസ്കാരത്തിനും ഡോ.എസ്. രാജശേഖരന്റെ പേരിലുള്ള എൻഡോവ്മെന്റിനും കേരള സർവകലാശാലയിൽ നിന്നും മലയാളം എം.എ.യ്ക്ക് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആദിത്യ എസ് പി അർഹയായി. പ്രൊഫ.എ. സുധാകരന്റെ ചരമദിനമായ ജൂൺ 5ന് വൈകിട്ട് 3.30 മണിക്ക് യൂണിവേഴ്സിറ്റി കോളേജിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ സമ്മാനിക്കുന്നതാണ്. പ്രൊഫ. എ. സുധാകരൻ അനുസ്മരണത്തിന്റെ ഭാഗമായി ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News