ഇന്ത്യയുടെ രക്തസാക്ഷി – പ്രൊഫ. എം എം 
നാരായണൻ എഴുതുന്നു

ഹിന്ദുമത വിശ്വാസിയും ശ്രീരാമ ഭക്തനുമായിരുന്ന രാഷ്ട്രപിതാവിന്റെ പ്രാണൻ എടുത്ത കൈകൾകൊണ്ട്, അയോധ്യയിൽ പള്ളി പൊളിച്ച്‌, തട്ടുപൊളിപ്പൻ സിനിമാസെറ്റുകളെ വെല്ലുന്ന കെട്ടുകാഴ്ചബംഗ്ലാവ് പോലെ ഉയരുന്ന ക്ഷേത്രം പണി തീരുംമുമ്പുതന്നെ രാംലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ നടത്തി ‘ഹിന്ദുത്വ’യുടെ രക്തപങ്കിലമായ രാഷ്ട്രീയ ചരിത്രവൃത്തം പൂർത്തിയാകുന്ന വേളയിലാണ് ഇത്തവണ ജനുവരി 30 കടന്നുവരുന്നത്. അഹിംസ ഒരു ആദർശമായി ഉയർത്തിപ്പിടിക്കുക മാത്രമല്ല പ്രയോഗമായി പകർത്തിക്കാട്ടുകയും ചെയ്ത ഗാന്ധിയല്ലാതെ ആധുനിക ലോകചരിത്രത്തിൽ മറ്റൊരാളില്ല. മാനവമഹത്വത്തിന്റെ ആ മാറിലേക്ക് കൈ വിറയ്‌ക്കാതെ നിറയൊഴിക്കാൻ കരളുറപ്പ് കാട്ടിയവർ, അയോധ്യയുടെ പേരിൽ ചമച്ച പൊയ്‌ക്കഥകളെ ചരിത്രമാക്കുന്നതിനപ്പുറം യാഥാർഥ്യമാക്കാൻതന്നെ കൊണ്ടുപിടിച്ച്‌ ഉത്സാഹിച്ചതിന്റെ വിജയാരവങ്ങളാണ് അയോധ്യയിൽ ഇപ്പോൾ ഉയരുന്നത്. ഗാന്ധിവധവും മസ്ജിദ് ഇടിച്ചു നിരത്തിയതും ക്ഷേത്രം കെട്ടിപ്പൊക്കുന്നതുമെല്ലാം തമ്മിൽ കൃത്യമായി അർഥനിവേദനം ചെയ്യുന്ന ഒരു വാക്യത്തിലെ വാക്കുകൾക്കിടയിലെന്നപോലെ പരസ്പര ചേർച്ച തഴച്ചു നിൽപ്പുണ്ട്. പ്രതീകങ്ങളുടെ പുനഃപ്രക്ഷേപണത്തിലൂടെ പ്രതീതികൾ നിർമിച്ചെടുത്താണ് സംഘപരിവാർ മുന്നോട്ടുപോകുന്നത്. പശുവും പള്ളിയും രാംലല്ലയും മഹാത്മാഗാന്ധിയും സവർക്കറിസ്‌റ്റുകൾക്ക്‌ കേവലം പ്രതീതി നിർമാണത്തിനുള്ള സാമഗ്രികൾ മാത്രമാണ്.

ബ്രിട്ടീഷ് അധികാരികൾ കൈമെയ് മറന്ന് തുണച്ചിട്ടും പാകിസ്ഥാൻ പിറന്നിട്ടും ഹിന്ദുസ്ഥാൻ അസാധ്യമായത് ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് മാത്രമാണെന്ന് സംഘബൗദ്ധിക പ്രമുഖർ കണ്ടെത്തുകയുണ്ടായി. ‘അസംബന്ധങ്ങൾ വിശ്വസിപ്പിക്കാനായാൽ അത്യാചാരങ്ങൾ ചെയ്യിക്കാനും’ കഴിയുമെന്ന ഫാസിസ്റ്റ് പദ്ധതി ഫലിക്കണമെങ്കിൽ രാഷ്‌ട്ര തത്വം മതമാണെന്നും പ്രഥമ ഹിന്ദു സാമ്രാജ്യ സംസ്ഥാപകൻ രാമനാണെന്നും മറ്റും ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയണം. അതിന് ഉറച്ച ഹിന്ദുമത വിശ്വാസിയും രാമ ഭക്തനുമായ ഗാന്ധിയാണ് വഴി വിലങ്ങി നിൽക്കുന്നത്. തുടർന്നാണ് ഗാന്ധിയുടെ കഥ കഴിക്കാൻ സംഘപരിവാർ ഒരുങ്ങി ഇറങ്ങിയത്. എന്നാൽ നിഗൂഢ ലക്ഷ്യങ്ങളുടെ ഈ നിശാചരൻമാർ ആ വഴിവിളക്ക് എറിഞ്ഞുടച്ചുവെങ്കിലും അതിന്റെ വെളിച്ചം കെട്ടുപോകാതെ കത്തിനിൽക്കുന്ന അത്ഭുതമാണ് പിന്നീട് ഇവിടെ സംദൃശ്യമായത്. ഗാന്ധിജിയെ ചിത്രവധം ചെയ്ത കൊലയാളികൾക്ക് ഗാന്ധി ഉയർത്തിയ മതനിരപേക്ഷ ദേശീയതയുടെ പതാക വലിച്ചു താഴ്‌ത്താനായില്ല. മഹാത്മജിയെ ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി സംഘശക്തികൾ സങ്കൽപ്പിച്ചതിൽ തെറ്റില്ലെങ്കിലും കേവലം പ്രതീകങ്ങളല്ല പ്രക്ഷുബ്‌ധവും പ്രബുദ്ധവുമായ ജനശക്തിയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന സത്യം ആർഎസ്എസിന് അറിയില്ലല്ലോ. മതനിരപേക്ഷ ദേശീയത കേവലം മഹാത്മാവിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഒരു പ്രതിഭാസമല്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയും സ്രഷ്ടാവും ആണെന്നും സംഘപരിവാർ പണ്ഡിത മൂഢന്മാർക്ക് മനസ്സിലാവുകയുമില്ല. മതനിരപേക്ഷ ദേശീയതയുടെ മണ്ണിൽ ചവിട്ടിനിന്നുകൊണ്ടാണ് ജനങ്ങൾ കോളനി വാഴ്ചയ്‌ക്കെതിരെ പട നയിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് സാമ്രാജ്യത്വ വിരോധത്തിന്റെ സവിശേഷമായ ഒരു ഉള്ളടക്കമുണ്ട്. ഗാന്ധി മൺമറഞ്ഞിട്ടും സാമ്രാജ്യത്വത്തിന്റെ പാരമ്പര്യം നമ്മുടെ പൊതുജീവിതത്തെ ഒരന്തരീക്ഷം പോലെ ഏറെനാൾ പൊതിഞ്ഞു നിൽക്കുകയുണ്ടായി.

Also read:മരുഭൂമിയിലെ നടനവിസ്മയം; ആവേശമുയര്‍ത്തി മലൈക്കോട്ടൈ വാലിബന്റെ മേക്കിംഗ് വീഡിയോ

മഹാത്മാവിന്റെ രക്തസാക്ഷിദിനാചരണം നടക്കുന്ന ഈ ആണ്ട് മഹാനായ ലെനിന്റെ ചരമശത വാർഷികംകൂടിയാണ്. അന്നെന്നപോലെ ഇന്നും പഥപ്രദർശകരായ അവരിരുവരും സമകാലികരാകുമ്പോൾത്തന്നെ ഒട്ടുമിക്ക സൈദ്ധാന്തിക സമീക്ഷകളിലും വലിയ അകലം വച്ചുപുലർത്തിയവരായിരുന്നു. മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായി സാമ്രാജ്യത്വത്തെ സ്ഥാനപ്പെടുത്തിയ ലെനിൻ, സാമ്രാജ്യത്വത്തിന് അന്ത്യം കുറിക്കാനുള്ള മുന്നുപാധി കോളനി രാജ്യങ്ങളുടെ വിമോചനമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ വിശ്വ വിപ്ലവ തന്ത്രങ്ങൾക്ക് രൂപം കൊടുക്കുകയുണ്ടായി. അധിനിവേശവിരുദ്ധതയുടെ എക്കാലത്തെയും ഏറ്റവും വലിയ ‘ഐക്കൺ’ ആയ ഗാന്ധിയുടെയും സാമ്രാജ്യത്വ വിരുദ്ധമായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നേതൃബിംബമായ ലെനിന്റെയും വിചാരധാരകൾ അവരറിയാതെ ചിലയിടത്ത് ചിലപ്പോൾ സന്ധിക്കുകയും സമന്വയിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ പോലുള്ള കോളനി രാജ്യങ്ങളിലെ ദേശീയ മുതലാളിത്തത്തിന് സാമ്രാജ്യത്വവുമായി വൈരുദ്ധ്യമുണ്ടെന്ന് കമ്യൂണിസ്റ്റുകാരും തൊഴിലാളിവർഗവും തങ്ങളുടെ സമര തന്ത്രങ്ങൾക്ക് രൂപം കൊടുക്കുമ്പോൾ പരിഗണിക്കാതിരിക്കരുതെന്ന്‌ ലെനിനാണ്‌ ഊന്നിപ്പറഞ്ഞത്. എന്നാൽ സ്വാതന്ത്ര്യാൽപ്പരം ഇവിടെ സാമ്രാജ്യത്വവുമായി കലഹത്തിനു പകരം പ്രണയം ശീലിച്ച കുത്തക മുതലാളിത്തം, ഭാരത ഭരണസംവിധാനത്തിന്റെ സ്‌റ്റിയറിങ് കൈവശപ്പെടുത്തുന്നുണ്ട്‌. ആഭ്യന്തര സാമ്പത്തിക നയ രൂപീകരണത്തിലെന്ന പോലെ വിദേശനയത്തിൽ നാടൻ കുത്തകകൾക്ക് തങ്ങളുടെ ദുഃസ്വാധീനം ചെലുത്താൻ ആദ്യകാലത്തൊന്നും ആയില്ല. എന്നാൽ തൊണ്ണൂറുകളിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകാൻ തുടങ്ങി. സാമ്രാജ്യത്വവുമായി വൈരുദ്ധ്യം വിദേശനയത്തിലും പ്രകടമല്ലാതായി. നവലിബറൽനയങ്ങളിലും അമേരിക്കയുമായി തന്ത്രപരമായ കരാറുകളിൽ ഏർപ്പെടുന്നതിലും ഇസ്രയേലിനോട് നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പക്ഷ–- പ്രതിപക്ഷകക്ഷികൾക്കിടയിൽ സംഘർഷമല്ല സമന്വയമാണ് വളർന്നുവന്നത്.

മതനിരപേക്ഷതയിൽ തുടർച്ചയായി വെള്ളം ചേർക്കുന്നതിൽ ഇടതുപക്ഷമൊഴിച്ച് മറ്റെല്ലാ കക്ഷികൾക്കും ഏറിയോ കുറഞ്ഞോ പങ്കുണ്ട്. ഇക്കഴിഞ്ഞ ജനുവരി 22ന് അയോധ്യയിൽ പ്രധാനമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന ‘പ്രാണപ്രതിഷ്ഠ’ യിൽ സോത്സാഹം പങ്കെടുത്തവരും സപരിഭവം മാറിനിന്നവരും തമ്മിൽ കാതലായ വ്യത്യാസമൊന്നും കാണാനില്ല.

1948 ജനുവരി 30ന് രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന പോലെ ഈ ജനുവരി 22ന് അയോധ്യയിൽ സംഭവിച്ചത് മതനിരപേക്ഷതയുടെ ഹനനവും ദഹനവും ആണെന്ന്‌ ഇവരാരും അറിയുകയോ പറയുകയോ ചെയ്യുന്നില്ല. ക്ഷേത്രനിർമാണത്തിന്റെ ക്രെഡിറ്റ് മോദി അടിച്ചെടുക്കുന്നതിലാണ്‌ അവർ ഉൽക്കണ്‌ഠപ്പെടുന്നത്. രാമനെ ബിജെപിക്ക് വിട്ടു കൊടുക്കുന്നതിൽ മാത്രമാണ് തർക്കം ശേഷിക്കുന്നത്. നമ്മുടെ ജനങ്ങളുടെ ഭാഗധേയങ്ങൾക്ക്, രാഷ്ട്രത്തിന്റെ അസ്ഥിത്വത്തിന്‌ മാരകമായ വിധം ബാധകമായ നയങ്ങളിൽ ഇടതുപക്ഷം ഒഴിച്ചുള്ള കക്ഷികൾക്കിടയിൽ സംഭവിക്കുന്ന സമരസപ്പെടലിന്‌, രാഷ്ട്രീയനേതാക്കളുടെ അവസരവാദത്തിനും അധികാര മോഹത്തിനും ആത്മനിഷ്ഠമായ ആഗ്രഹ ചിന്തകൾക്കുമപ്പുറം മൂർത്തമായ, വസ്തുനിഷ്ഠമായ കാരണങ്ങളുണ്ട്. സോവിയറ്റാനന്തര കാലത്ത്‌ അമേരിക്കയ്‌ക്ക്‌ ലോക രംഗത്ത് അചോദ്യമായ മേധാവിത്വം ലഭിക്കുന്നുണ്ട്. ഇതോടെ ഇന്ത്യയുടെ വിദേശനയം –-ചേരിചേരാനയം സാമ്രാജ്യത്വ ചേരിയോട് ചേർന്നുപോകുന്ന ഒന്നായി മാറി. ഭരണകക്ഷികൾ മാത്രമല്ല ഇടതുപക്ഷം ഒഴിച്ചുള്ള പ്രതിപക്ഷവും പ്രതിനിധീകരിക്കുന്നത് ഭരണവർഗ താൽപ്പര്യങ്ങളെ തന്നെയാണല്ലോ. അതുകൊണ്ട് കാലേ ആഭ്യന്തര സാമ്പത്തിക നയത്തിൽ ഉണ്ടായതുപോലെ പിന്നീട് വിദേശനയത്തിലും വിശാലമായൊരു സമവായം രൂപപ്പെടുകയുണ്ടായി. മാറിയ ഈ രാഷ്ട്രീയ ചിത്രം പിടികിട്ടാത്തവർക്ക് വിവിധ കക്ഷി നേതാക്കളുടെ ചാഞ്ചാട്ടങ്ങളും‘ സ്ഥലജലഭ്രമകൽപ്പനക’ളും തുടർന്നും കൗതുകവാർത്തകളായിരിക്കും.

Also read:ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ മുപ്പതിനായിരം കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും

വികസിതരാജ്യങ്ങളിൽ സ്വതന്ത്രമത്സരത്തിന്റെ സ്ഥാനത്ത് കുത്തകവൽക്കരണം വന്നതോടെ ചരക്കുകൾക്കപ്പുറം മൂലധനവും കയറ്റി അയക്കാൻ തുടങ്ങിയതോടെ മുതലാളിത്തം ഒരു ആഗോള വ്യവസ്ഥയായി, സാമ്രാജ്യത്വമായി മാറിയ പ്രക്രിയ ലെനിൻ വിവരിക്കുന്നുണ്ട്. എന്നാൽ ബൂർഷ്വാസിക്ക് അപ്പോഴും കോളനി രാജ്യങ്ങളിൽ ദേശീയ താൽപ്പര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നാണ് ലെനിൻ അന്ന് ചൂണ്ടിക്കാണിച്ചത്. തൊണ്ണൂറുകൾക്ക് ശേഷമുള്ള ലോക സാഹചര്യത്തിൽ മൂന്നാം ലോകത്ത് ഭരണ നേതൃത്വം വഹിക്കുന്ന കുത്തക ബുർഷ്വാസിക്ക്‌ ഭാവപരിണാമം സംഭവിക്കുകയും അപ്പോഴേക്കും ബാധ്യതയായി മാറിയ ദേശീയത അവർ കൈവെടിയുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ആഗോള സാമ്രാജ്യത്വ ചൂഷണ പദ്ധതിയുടെ ദേശീയ നിർവഹണ സമിതി മാത്രമായി സ്വയം ചുരുങ്ങി പോവുകയും ചെയ്യുന്നതിനാണ് കഴിഞ്ഞ ദശകങ്ങൾ സാക്ഷ്യംവഹിച്ചത്. സാമ്രാജ്യത്വ വിരോധത്തിന് പകരം വിധേയത്വത്തിന്റെ പാരമ്പര്യം മാത്രമുള്ള ബിജെപി അനായാസം ഭരണം പിടിക്കുന്നതും ഈ സാഹചര്യത്തിലാണ്.

ഗാന്ധിജിയുടെ ജനനവും മരണവും മതനിരപേക്ഷമായ ഒരിന്ത്യക്ക്‌ വേണ്ടിയായിരുന്നു. മുക്കാൽ നൂറ്റാണ്ട് മുമ്പ് രാമചരിതമാനസനായ ഗാന്ധിജിയെ വകവരുത്തിയവർ ഇന്ന് ചിരലാളിതമായ രാമ സങ്കൽപ്പങ്ങളെയും കുഴിച്ചുമൂടുകയാണ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം മാത്രമല്ല രാമ സങ്കൽപ്പങ്ങളുടെ അപനിർമാണവും നടക്കുന്നുണ്ട്. ഇവിടെ രാംലല്ലയുടെ ‘പ്രാണപ്രതിഷ്ഠ’യാണ് ഉണ്ടായത്. മുന്നൂറ്‌ രാമായണങ്ങളിൽ ഒന്നിൽപ്പോലും കൃഷ്ണനെപ്പോലെ, ലീലാകുതുകിയായ കിശോരിയായ ഒരു രാമനെ കാണാനാകില്ല. രാമൻ രഘുകുലപതിയും രാജാ രാമനും സീതാരാമനും രാവണാന്തകനും ഒക്കെയാണ്. അയോധ്യയിൽ രാമനെ ഒരു കുട്ടിയായി വെട്ടിച്ചുരുക്കിയത് മോദിയുടെ വലിപ്പം കൂട്ടാനുള്ള കുടിലകൗശലമാണ്. സത്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ വംശ പരമ്പരയിലെ ‘വാമനാവതാര’മാണ് മോദി. ചരിത്രം ആവർത്തിക്കുമെന്ന ‘ഹെഗലിന്റെ’ ആശയത്തെ പിൻപറ്റുമ്പോൾത്തന്നെ ആദ്യം അത് ദുരന്തവും പിന്നെ പ്രഹസനവുമായിരിക്കുമെന്ന് മാർക്‌സ്‌ പറയുന്നുണ്ട്. ദുരന്ത നാടക നായകൻമാർ സ്വന്തം തെറ്റുകൾക്ക് സ്വയം ശിക്ഷ വിധിക്കുകയും ആ ദുരന്ത ദുർവിധി ധീരമായി ഏറ്റുവാങ്ങുകയും ചെയ്യുന്ന അസാധാരണ മാനമുള്ള കഥാപാത്രങ്ങളാണ്. എന്നാൽ മോദി കളിക്കുന്നത് പ്രഹസന നാടകമാണ്. താരങ്ങളുടെ കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ അനുകരിക്കാൻ ശ്രമിച്ച്‌ അപഹാസ്യനാകുന്ന രാഷ്ട്രീയസർക്കസിലെ കോമാളിയാണ് മോദി. വിജയങ്ങളുടെ അവകാശി താനും പരാജയങ്ങൾക്ക് പഴി കേൾക്കേണ്ടത് മറ്റുള്ളവരും ആണെന്നാണ് മോദിയുടെ ‘പാഠമാല’.

ജനുവരി 22ന് അയോധ്യയിൽ മുഖ്യ പുരോഹിതനും തന്ത്രിയും പൂജാരിയും മാത്രമല്ല പൂജാവിഗ്രഹവും മോദി ആയിരുന്നു. അവിടെ രാമ ഭക്തർ തിരസ്‌കൃതരായപ്പോൾ മോദി ഭക്തസംഘം പുരസ്‌കൃതരായി. അതിരറ്റ അധികാര മോഹവും ധനാർത്തിയും ആടയാഭരണങ്ങളഴിച്ചുവച്ച് നിർലജ്ജം സരയൂ നദിയിൽ നീരാടാൻ ഇറങ്ങുന്ന കാഴ്ചയാണ് അയോധ്യ കണ്ടത്. തന്റെ മൂന്നാം ഊഴത്തിൽ ഇന്ത്യ ലോകത്തിലെ മുന്തിയ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകും എന്നാണ് മോദിയുടെ ഗ്യാരന്റി. വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്നല്ല അടുത്ത പ്രധാനമന്ത്രി താൻ തന്നെ എന്നാണ് മോദി പറയുന്നത്. ഏക മതവും ഏക പാർടിയും ഏക നേതാവുമായി വളരുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ വികല വിശ്വരൂപമാണ് മോദിയുടെ വാക്കുകളിൽ വെളിപ്പെട്ടത്.

ആരു ചവിട്ടി താഴ്ത്തിയാലും വീണ്ടും ഉയർന്നുവരുന്ന ആത്മാവാണ് ഇന്ത്യയെന്ന്‌ ആരോ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥ അറബിക്കടലിൽ എറിഞ്ഞ നാടാണിത്. എത്ര താൽക്കാലികമാണെങ്കിലും വിവിധ രാഷ്ട്രീയ പാർടികളുടെ തെരഞ്ഞെടുപ്പ് സഖ്യം രൂപമെടുക്കുന്നുണ്ട്. സമാന്തരമായി സുദൃഢവും സുദീർഘവുമായ ജനങ്ങളുടെ ഐക്യം ഒരു സമരസാഹോദര്യമായി വളരുകയാണ്. ഏതായാലും ഈ കാലത്തിന്റെ ഇരുളുന്ന വഴികളിൽ വിതറാൻ ഒരുപിടി വെളിച്ചവും പൊരുതാൻ ജനതയ്‌ക്ക്‌ ഊർജവും രാജ്യത്തിനു വേണ്ടി രക്‌തസാക്ഷിയായ രാഷ്‌ട്രപിതാവിന്റെറ ഓർമകൾ കരുതിവച്ചിട്ടുണ്ട്‌.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച പ്രൊഫ. എം എം 
നാരായണൻ എഴുതിയ ലേഖനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News